വൈത്തിരി: മാവോയിസ്റ്റുകൾക്കായുളള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചതായി പൊലീസ്. സംഘത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും ഇയാൾ സുഗന്ധഗിരി-അമ്പ മേഖലയിലേക്ക് കടന്നതായും പൊലീസ് പറഞ്ഞു. ഇവിടെ വരെ രക്തപ്പാടുകൾ പിന്തുടർന്ന് പൊലീസിന് പോകാൻ സാധിച്ചെങ്കിലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തെ തുടർന്ന് തണ്ടർ ബോൾട്ട് സംഘം തിരിച്ചിറങ്ങുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

”ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. രണ്ടംഗ സംഘമാണ് വൈത്തിരി ലക്കിടിയിലുളള ഉപവൻ റിസോർട്ടിലെത്തിയത്. ദേശീയ പാതയോട് ചേർന്ന് തന്നെയണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. കൊല്ലപ്പെട്ട ജലീലും മറ്റൊരാളുമാണ് സംഘത്തിലുണ്ടായിരുന്നത്. റിസപ്ഷനിലെത്തിയ ഇവർ 50,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത്രയും രൂപ കൈയ്യിലില്ലെന്നും 10,000 രൂപ മാത്രമാണ് ഉളളതെന്നും റിസോർട്ടിലെ സ്റ്റാഫ് അറിയിച്ചു. തുടർന്ന് ഇപ്പോൾ 10,000 രൂപ മതിയെന്നും ബാക്കി 40,00 രൂപ പിന്നീട് നൽകിയാൽ മതിയെന്നും ജലീൽ പറഞ്ഞു. കൂടെ ഉണ്ടായിരുന്നയാൾ തമിഴ്-കന്നഡ കലർന്ന മലയാളമായിരുന്നു സംസാരിച്ചിരുന്നത്. പണം ആവശ്യപ്പെട്ടതിനുശേഷം 10 പേർക്കുളള ഭക്ഷണം വേണമെന്ന് പറഞ്ഞു. ഭക്ഷണം പായ്ക്ക് ചെയ്യുന്നതിനിടെ റിസോർട്ടിലെ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയും ഉടൻ തന്നെ പൊലീസ് അവിടെ എത്തുകയും ചെയ്തു,” പൊലീസ് സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

”പൊലീസ് വാഹനം റിസോർട്ടിലേക്ക് കടന്നതും അകത്തുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി വന്നു. ഇതേ സമയം മുകളിൽ നിന്നും അവരെ കവർ ചെയ്യാനെന്നോളം വെടിയുതിർത്തു. ഇതെല്ലാം സംഭവിച്ചത് ആറു മിനിറ്റിനുളളിലായിരുന്നു,” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജലീലിന്റെ കൈവശം നാടൻ തോക്കും മറ്റേയാളുടെ കൈയ്യിൽ എകെ-47 തോക്കും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.

Read: മാവോയിസ്റ്റ് ഏറ്റുമുട്ടൽ: ജലീലിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍

രാത്രി 11 മണി വരെ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ് നടന്നു. ഇതിനിടെ ജലീലിനും കൂടെയുണ്ടായിരുന്ന ആൾക്കും വെടിയേറ്റു. രണ്ടുപേരെ മാത്രമേ കണ്ടുളളൂവെന്നും സംഘത്തിൽ 8 പേർ വേറെയുണ്ടാകാമെന്നും പൊലീസ് പറയുന്നു. വെടിയേറ്റ് ജലീൽ വീണതോടെ രണ്ടാമൻ ഓടി രക്ഷപ്പെട്ടു. അയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ഒരുപാട് രക്തം വാർന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഈ രക്തം പിന്തുടർന്ന് പൊലീസും തണ്ടർ ബോൾട്ട് സേനയും പിന്നാലെ പോയെങ്കിലും സുഗന്ധഗിരി-അമ്പ മേഖലയിലേക്ക് കടക്കുന്ന ഇടനാഴി വരെയേ എത്താൻ കഴിഞ്ഞുളളൂ.

”വലിയ വെടിയൊച്ചയാണ് ആദ്യം കേട്ടത്. പിന്നീട് പൊലീസും തണ്ടർബോൾട്ടുമെല്ലാം എത്തുകയായിരുന്നു. പിന്നീടാണ് മാവോയിസ്റ്റുകളാണ് എത്തിയതെന്ന് മനസിലായത്,” സമീപവാസിയായ ഒരാൾ പറഞ്ഞു.

അതിനിടെ, പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സഹോദരന്‍ റഷീദ് ആവശ്യപ്പെട്ടു. മരിച്ചത് ജലീല്‍ തന്നെയാണെന്നും എന്നാല്‍, വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും റഷീദ് പറയുന്നു. പൊലീസ് വാദം ശരിയല്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ജലീലിന്റെ കുടുംബത്തിന്റെ നിലപാട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട ജലീൽ

പൊലീസ് ഡിസംബറിൽ തുടങ്ങിയ ഓപ്പറേഷൻ അനാക്കൊണ്ടയുടെ ഭാഗമാണ് ഇന്നലെ നടന്ന ഏറ്റുമുട്ടൽ എന്നാണ് കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞത്. രണ്ട് പേരാണ് റിസോർട്ടിൽ എത്തിയത്. ഏറ്റുമുട്ടലിൽ ഒരാൾക്ക് പരുക്കേറ്റു. മുഖം മറച്ചിരുന്നതിനാൽ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് നാടന്‍ തോക്ക് പിടിച്ചെടുത്തുവെന്നും രക്ഷപ്പെട്ടവര്‍ക്കായി തിരച്ചിൽ തുടരുമെന്നും ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.

കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ, വയനാട് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി ആർ. എസ്‌പി (ഓപ്പറേഷൻസ്) ദേബേഷ് കുമാർ ബെഹ്റ എന്നിവർ സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.