തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. വൈത്തരിയിലെ റിസോര്‍ട്ടില്‍ നടന്ന മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് വയനാട് അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ വയനാട് യാത്ര ഒഴിവാക്കാന്‍ കോണ്‍ഗ്രസും തീരുമാനമെടുത്തു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ചയാണ് രാഹുല്‍ വയനാട് സന്ദര്‍ശനം നടത്തേണ്ടിയിരുന്നത്. എന്നാല്‍, ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയിലുള്ള യാത്ര പൂർണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.
Read More: മാവോയിസ്റ്റുകൾക്കെതിരായ നടപടി: നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുത്തിയതിനെ തുടർന്നെന്ന് പൊലീസ്
മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗം കേരളത്തിലെത്തുന്ന രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് കടപ്പുറത്ത് ഒരു പൊതുറാലി സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നുണ്ട്. ലോക്സഭാ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി കേരളത്തിലെത്തും മുന്‍പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്.