വയനാട്: മുണ്ടക്കൈ എസ്റ്റേറ്റ് പാടിക്ക് സമീപം വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സൂചന. ശനിയാഴ്ച്ച രാത്രിയാണ് ആള്‍പ്പാര്‍പ്പുളള ഇടങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തിയതെന്നാണ് വിവരം. മൂന്നംഗ സംഘമാണ് മുണ്ടക്കൈയില്‍ എത്തിയത്. ഇവര്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചതായി പ്രദേശവാസികള്‍ പൊലീസിനോട് വ്യക്തമാക്കി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവര്‍ എത്തിയത്. പ്രദേശവാസികള്‍ എത്തിയപ്പോള്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടതായാണ് വിവരം.

വെള്ളിയാഴ്ച്ച രാത്രി മേപ്പാടി കള്ളാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയിരുന്നു. മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതെന്നാണ് പൊലീസ് നിഗമനം. സംഘത്തില്‍ നാല് പേരുണ്ടെന്നും പൊലീസ് അറിയിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്ന് ബന്ദിയായിരുന്ന എസ്‌റ്റേറ്റ് തൊഴിലാളി അലാവുദ്ധീന്‍ പൊലീസിന് മൊഴി നല്‍കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് സായുധ സംഘത്തിനായുള്ള തെരച്ചില്‍ തണ്ടര്‍ബോള്‍ട്ട് താത്ക്കാലികമായി നിര്‍ത്തി വെച്ചു.

വെള്ളിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് കള്ളാടിയിലെ എമറാള്‍ഡ് റിസോര്‍ട്ടില്‍ മാര്‍ബിള്‍ ജോലിക്കെത്തിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആയുധധാരികളായ മാവോയിസ്റ്റ് സംഘം തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ട് മറ്റൊരു റിസോട്ടിലെ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. രാത്രിയോടെ മറ്റ് രണ്ട് പേരും സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിതരായി. ഇവരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റുകളായ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചത്.

ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തനിക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്ന് ബന്ദിയായിരുന്ന എസ്‌റ്റേറ്റ് തൊഴിലാളി അലാവുദ്ധീന്‍ പൊലീസിന് മൊഴി നല്‍കി. അലാവുദ്ധീന് മര്‍ദനമേറ്റതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കള്ളാടി തൊള്ളായിരം കണ്ടിയിലും പ്രദേശത്തെ വനമേഖകളിലും തണ്ടര്‍ബോള്‍ട്ട് നടത്തുന്ന തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ