പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളുടെ പേരില്‍ വീണ്ടും പോസ്റ്റര്‍. ആനമൂളിയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് ഭവാനി ദളിത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്
സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററില്‍ പറയുന്നു. വയനാട്ടിലെ ലക്കിടിയില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം ബുധന്‍ വ്യാഴം ദിവസങ്ങളില്‍ നടന്ന ഏറ്റമുട്ടലിന് പിന്നാലെയാണ് ഇത്. എന്നാല്‍ വയനാട് സംഭവത്തെ കുറിച്ച് പോസ്റ്ററില്‍ പരാമര്‍ശമില്ല.
വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മാവോവാദി നേതാവ് സി.പി.ജലീലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ വെടിവയ്പ് തുടര്‍ന്നു. അതേസമയം, ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ റഷീദ് രംഗത്തെത്തി. മരിച്ചത് ജലീല്‍ തന്നെയാണെന്നും എന്നാല്‍ വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നുമാണ് റഷീദിന്റെ ആരോപണം.
അതേസമയം, നാട്ടുകാരുടെ സമാധാനപരമായ ജീവിതത്തിന് വെല്ലുവിളി ഉയർന്നതിനെ തുടർന്നാണ് മാവോയിസ്റ്റുകൾക്ക് നേരെ നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്റെ വാദം. മാവോയിസ്റ്റുകൾ ശല്യപ്പെടുത്തുന്നു എന്ന് ചൂണ്ടികാട്ടി നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. സുപ്രീം കോടതി നിർദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ ഉടൻ തുടങ്ങും.