കേളകം: കണ്ണൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തി സായുധരായ മാവോയിസ്റ്റ് സംഘം. നാലംഗ സംഘമാണ് തോക്കുകളുമായി രാവിലെ ആറു മണിയോടെ സ്ഥലത്തെത്തി പ്രകടനം നടത്തി മടങ്ങിയത്. ആളുകൾക്ക് ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്. സംഘത്തിൽ ഒരാൾ സ്ത്രീയാണ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണ് മാവോയിസ്റ്റ് സംഘം ടൗണിലെത്തിയത്. കൊട്ടിയൂർ വനത്തിലൂടെ സംഘം തിരികെ പോകുകയും ചെയ്തു.

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക എന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. മോദി-പിണറായി കൂട്ടുകെട്ട് ഈ രക്തത്തിന് കണക്ക് പറയണമെന്നും പോസ്റ്ററിൽ പറയുന്നു. ജനുവരി 31ലെ പണിമുടക്ക് വിജയിപ്പിക്കുക, തിരിച്ചടിക്കാൻ സായുധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പോസ്റ്ററ്റുകളും വിവിധ ഇടങ്ങളിൽ പതിച്ചിട്ടുണ്ട്.

Also Read: നയിക്കാൻ നഡ്ഡ; ബിജെപി ദേശീയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും

നേരത്തെയും അമ്പായത്തോട് മാവോയിസ്റ്റ് സംഘമെത്തുകയും പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. 2018 ഡിസംബർ 28ന് മാവോയിസ്റ്റ് സംഘം അമ്പായത്തോട് ടൗണിൽ തോക്കേന്തി പ്രകടനം നടത്തിയത്. അതേസമയം സംഭവത്തിൽ കണ്ണുർ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പ്രദേശത്ത് ഇന്ന് വിപുലമായ തിരച്ചിൽ നടക്കും.

നേരത്തെ അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ കേരള പൊലീസിലെ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. മണിവാസകം (അപ്പു), രമ, അരവിന്ദ്, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. പശ്ചിമഘട്ട മേഖലയിൽ പ്രവർത്തിക്കുന്ന സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം സൗത്ത് സോൺ കമ്മിറ്റിയിലെ മുതിർന്ന നേതാവായിരുന്നു മണിവാസകം. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.