കൽപറ്റ: വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സഹോദരന്‍ റഷീദ് ആവശ്യപ്പെട്ടു. മരിച്ചത് ജലീല്‍ തന്നെയാണെന്നും എന്നാല്‍, വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും റഷീദ് പറയുന്നു. പൊലീസ് വാദം ശരിയല്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ജലീലിന്റെ കുടുംബത്തിന്റെ നിലപാട്.

ജലീലിനെ മറ്റെവിടെങ്കിലും നിന്ന് പിടിച്ച ശേഷം റിസോര്‍ട്ടുകാരുമായി ചേര്‍ന്ന് കൊലപ്പെടുത്തിയതാകാമെന്നും വെടിവച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിടുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നാണ് ജലീലിന്റെ സഹോദരനും പൊതുപ്രവര്‍ത്തകനുമായ റഷീദ് മാധ്യമങ്ങളോട് പറഞ്ഞത്.

ജലീലിന്റെ തലയിലും മുഖത്തും മാരകമായ മുറിവുണ്ട്. ഇയാളുടെ പക്കലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നില്ല. പിന്നെ, എന്ത് ഏറ്റുമുട്ടലാണ് റിസോര്‍ട്ടില്‍ നടന്നിട്ടുള്ളതെന്ന് റഷീദ് ചോദിക്കുന്നു. പൊലീസ് ഇത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. രാത്രി മുഴുവന്‍ വെടിവയ്പ് നടന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, അതിന് ആവശ്യമായ ആയുധങ്ങളൊന്നും ജലീലിന്റെ പക്കലിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും റഷീദ് പറഞ്ഞു.

ജലീലിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ജലീലിന്റെ മറ്റൊരു സഹോദരന്‍ സി.പി.ജിഷാദും പറഞ്ഞു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഈ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.