കോഴിക്കോട്: തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ​ പുതിയ മുഖപ്രസിദ്ധീകരണവുമായി നിരോധിത മാവോയിസ്റ്റ് പാർട്ടി ട്രൈജംക്‌ഷനിൽ സജീവമാകുന്നു. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിട്ട തിരിച്ചടികളെ അവർ മറികടക്കുന്നുവെന്ന് പ്രഖ്യാപനമായാണ് ഈ​പ്രസിദ്ധീകരണം പുറത്തുവന്നരിക്കുന്നത്. കേരള, കർണാടക, തമിഴ്‍‌നാട് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പശ്ചിമഘട്ട പ്രത്യേക സോണൽ​ കമ്മിറ്റിയുടെ പേരിലാണ് പ്രസിദ്ധീകരണം പുറത്തിറിക്കിയിരിക്കുന്നത്.

ഇംഗ്ലീഷിൽ​ “കമ്മ്യൂണിസ്റ്റ്” എന്ന പേരോടുകൂടി പുറത്തിറിക്കിയിരിക്കുന്ന പ്രസിദ്ധീകരണത്തിൽ കഴിഞ്ഞ സിപിഐ (മാവോയിസ്റ്റ്) ചരിത്രത്തിന്റെ സംക്ഷിപ്തം മാത്രമല്ല, നക്സൽബാരി പ്രസ്ഥാനത്തിന്റെ ചരിത്രം, കേരളത്തിലെ സമരം, ഭരണം എന്നിവയെല്ലാം കുറിച്ചുളള ലേഖനങ്ങളും നിലപാടുകളും വ്യക്തമാക്കുന്നുണ്ട്.

മാഗസിൻ കവർപേജ്

കോയമ്പത്തൂരിൽ നിന്നും രൂപേഷും ഷൈനയുമടക്കമുളള മലയാളി ബന്ധമുളളവർ അറസ്റ്റിലാകുന്നു. പുണെയിൽ വച്ച് കെ.മുരളി എന്ന മാവോയിസ്റ്റ് സൈദ്ധാന്തികനായ മലയാളി അറസ്റ്റിലാകുന്നു. നിലമ്പൂരിൽ കുപ്പുദേവരാജ്, അജിത എന്നിവരെ പൊലീസ് വെടിവച്ചു കൊല്ലുന്നു എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി തിരിച്ചടികൾ നേരിടുകയാണ് കഴിഞ്ഞ രണ്ടുവർഷത്തോളമായി കേരള, കർണാടക, തമിഴ്നാട് ഭാഗങ്ങളിലെ മാവോയിസ്റ്റ് പാർട്ടി.

ഇതിനിടിയിലാണ് അവർ തങ്ങളുടെ പുതിയ പ്രസിദ്ധീകരണവുമായി രംഗത്തുവരുന്നത്. കേരള, തമിഴ്‌നാട് , കർണാടക, എന്നീ പ്രദേശങ്ങളെ ചേർത്തുപ്രവർത്തിക്കുന്ന പശ്ചിമഘട്ട പ്രത്യേകമേഖലാ കമ്മിറ്റിയുടെ പേരിലാണ് ഈ മാസിക പുറത്തിറിക്കയിത്. ഈ മേഖലയിൽ നേരിടുന്നതും നേരിട്ടതുമായ തിരിച്ചടികളെ കുറിച്ച് അതിൽ വ്യക്തമാക്കുന്നുണ്ട്.

ഇരുതലമൂർച്ചയുളള​വാളിനെയാണ് പാർട്ടി നേരിടുന്നത് എന്ന് മാസികയുടെ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. അതിലൊന്ന് ശത്രുവാണ്. (ശത്രുവെന്നാൽ ഭരണകൂടം. പൊലീസ് എന്നൊക്കെയാണ് അർത്ഥമാക്കുന്നത്) മറ്റൊന്ന് ഉളളിൽ തന്നെയുളള പ്രശ്നങ്ങളും പ്രതിസന്ധികളുമാണ്. ആശയപരമായ അറിവില്ലായ്മയും അച്ചടക്കമില്ലായ്കമയും ഉൾപ്പടെയുളള പ്രതിസന്ധികളാണ് വാളിന്റെ മറുമൂർച്ചയുളള ഭാഗം. ആദ്യ ലക്കത്തിൽ മുഖപ്രസംഗത്തിന് പുറമെ, നക്സൽബാരിയുടെ ചരിത്രം, ക്രൈസിസ്- ഫാസിസം, അവർ ടാസ്ക്സ്, പിഎൽ​ജി എ​ ആൻഡ് ഇറ്റ്സ് ഹിസ്റ്റോറിക്കൽ ടാസ്ക്സ്, പൊളിറ്റിക്കൽ സിറ്റുവേഷൻ​ ആൻഡ് അവർ ടാസ്ക്സ്, കാൾ ടു ദ് പീപ്പിൾ എന്നിങ്ങനെ ആറ് തലക്കെട്ടുകളാണ് ഉളളടക്കത്തിൽ നൽകിയിട്ടുളളത്.

പാർട്ടിയുടെ അടിത്തട്ടിൽ വളരെ നിരാശജനകമായ രീതിയിൽ താഴ്ന്ന നിലവാരമുളള രാഷ്ട്രീയബോധമാണുളളതെന്നും പലപ്പോഴും അത് തൊഴിലാളിവർഗ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുകയും ഇടത്, വലത് വ്യതിയാനങ്ങളുടെ ഭാഗമാവകുയും ചെയ്യുന്നുണ്ട്. ഈ മേഖലയിൽ പാർട്ടി ആ പ്രതിസന്ധി പലപ്പോഴും നേരിടുന്നുണ്ട്.​ അത് അവസാനിപ്പിക്കാൻ നടപടിവേണമെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. ഇത് പാർട്ടി കേഡർമാരെ വഴിതെറ്റിക്കാൻ മറ്റുളളവർക്ക് വഴിയൊരുക്കുന്നു. ഇത് കർണാടകത്തിലും തമിഴ്‌നാട്ടിലുമാണ് പ്രതിസന്ധിയായി മാറിയിട്ടുളളതെന്നും മുഖപ്രസംഗം പറയുന്നു. കർണാടകത്തിൽ സംഘടന ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് കാരണമായി ഇക്കാര്യത്തെ വിശദീകരിക്കുന്നു.
ഈ പ്രസിദ്ധീകരണത്തിന്റെ പ്രവർത്തനത്തിനിടയിലാണ് നിലമ്പൂരിൽ പൊലീസ് വെടിവെയ്പിൽ അജിതയും കുപ്പുദേവരാജും കൊല്ലപ്പെട്ടതെന്ന് മുഖപ്രസംഗം വെളിപ്പെടുത്തുന്നു. മഞ്ചുവിനാണ് മുഖമാസികയുടെ ചുമതല എന്നും മുഖലേഖനത്തിൽ പറയുന്നു. കനത്ത തിരിച്ചടികൾക്കിടയിലാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഈ​ പ്രസിദ്ധീകരണം പുറത്തിറക്കിയിരിക്കുന്നത്. ചിത്രങ്ങളോ വർണങ്ങളോ ഭംഗിയുളള​ രൂപകൽപ്പനയോ ഒന്നുമില്ലാതെയുളള പ്രസിദ്ധീകരണമാണിത്.

തിരിച്ചടികൾക്കിടയിൽ ഇതുപോലൊരു പ്രസിദ്ധീകരണം ഇറക്കാൻ സാധിച്ചുവെന്നത് ഈ മേഖലയിലെ മാവോയിസ്റ്റുകളുടെ നേട്ടമായിട്ട് അവരും പൊലീസും കരുതുന്നുണ്ട്. മാവോയിസ്റ്റുകളുടെ പ്രധാന പ്രവർത്തകരിൽ ഭൂരിപക്ഷവും ജയിലിലാവുകയും രണ്ട് പേർ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെടുകയും ഒരാൾ കാട്ടിൽ വച്ച് അപകടത്തിൽ മരണമടയുകയും ചെയ്തിരുന്ന വെല്ലുവിളികളെ മറികടന്നാണ് ഈ മാസിക പുറത്തുവന്നിരിക്കുന്നത് രാഷ്ട്രീയ പ്രവർത്തകരെയും ഭരണകൂട സംവിധാനങ്ങളെയും മാവോയിസ്റ്റ് അനുഭാവികളെയും ഒരു പോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ