വയനാട്: വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവയ്‌പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം.

ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

Read Also: സർക്കാർ കബളിപ്പിക്കുന്നു; കോതമംഗലം ചെറിയപള്ളി വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വയനാട് മീൻമുട്ടിയിൽ മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിലാണ് തമിഴ്‌നാട് സ്വദേശി തേനി ജില്ലയിലെ പെരിയകുളം സ്വദേശി വേൽമുരുകൻ (32) കൊല്ലപ്പെട്ടത്. സംഘത്തിൽ ആറു പേരുണ്ടായിരുന്നതായും അഞ്ച് പേർ രക്ഷപ്പെട്ടതായുമാണ് പൊലീസ് നൽകുന്ന വിവരം. രക്ഷപ്പെട്ടവരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.