കണ്ണൂര്‍: മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി. കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. ഈ 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന പുറത്തിറങ്ങുന്നത്. മാവോയിസ്റ്റ് അനുഭാവികളും പ്രവര്‍ത്തകരും ഷൈനയെ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷൈന ജയിലിലാണ്.

അറസ്റ്റ് ചെയ്യുന്ന സമയത്ത് രണ്ട് കേസുകള്‍ മാത്രമുണ്ടായിരുന്ന ഷൈനയെ ദേശീയ സുരക്ഷ നിയമം അനുസരിച്ച് ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ കാലാവധി തീരുന്നതിനിടക്ക് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേസുകള്‍ ചാർജ് ചെയ്യപ്പെട്ടു.

കേരളം, കര്‍ണാടകം ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് സംയുക്തമായാണ് രൂപേഷും ഷൈനയുമടക്കം അഞ്ച് മാവോയിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിനടുത്ത് വച്ചായിരുന്നു ഇവരുടെ അറസ്റ്റ്. മാവോയിസ്റ്റ് നേതാക്കളായ അനൂപ്, വീരമണി, കണ്ണന്‍ എന്നിവരാണ് രൂപേഷിനും ഷൈനക്കുമൊപ്പം അറസ്റ്റിലായത്.

ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് ഇപ്പോഴും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. തമിഴ്‌നാട്ടിലെ കേസുകളില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ഷൈനയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. മുന്‍ ഹൈക്കോടതി ഗുമസ്തയായ ഷൈനക്കും രൂപേഷിനും രണ്ട് മക്കളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ