കല്‍പ്പറ്റ: ലക്കിടിയിലെ റിസോര്‍ട്ടിന് സമീപം പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റതായി ഇൻക്വസ്റ്റ് റിപ്പോര്‍ട്ട്. ഒരു വെടിയുണ്ട തലയോട്ടി തുളച്ച് നെറ്റിയിലൂടെ പുറത്തുവന്നതായും ഇതാകാം മരണകാരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലീലിന്റെ മൃതദേഹത്തിന് സമീപത്തു നിന്നും തോക്കും എട്ട് തിരകളും കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററും സംഭവ സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പൊലീസുകാരാണ് വെടിവച്ചതെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും റിസോര്‍ട്ട് ജീവനക്കാര്‍ വെളിപ്പെടുത്തി.
മാവോവാദികള്‍ വെടിയുതിര്‍ത്ത് പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പൊലീസ് വാദത്തെ തള്ളുന്നതാണ് റിസോര്‍ട്ട് അധികൃതരുടെ വെളിപ്പെടുത്തല്‍. മാവോവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു.
സായുധ പൊലീസ് സംഘത്തെ കണ്ടപ്പോള്‍ മാവോവാദികളാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. ഇത് പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചുവെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്കായി പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.