മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെയുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സഹോദരന്‍ സി.പി റഷീദ്. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി റഷീദ് ആവശ്യപ്പെട്ടു.

ജലീലിന്റെ നെഞ്ചിലും തലയിലുമാണ് വെടിയേറ്റിട്ടുള്ളത്. അരയ്ക്ക് താഴെ വെടിയേറ്റതായി പറയുന്നില്ല. തൊട്ടടുത്ത് നിന്നാണ് പൊലീസ് വെടിയുതിര്‍ത്തിരിക്കുന്നത്. പിടികൂടാവുന്ന സാഹചര്യത്തിലായിരുന്നിട്ടും ജലീലിനെ വെടിവച്ച് കൊല്ലാനാണ് പൊലീസ് ശ്രമിച്ചതെന്ന് റഷീദ് ആരോപിച്ചു.
തലയുടെ ഇടത് ഭാഗത്ത് വെടിയേറ്റിട്ടുണ്ട്. നെഞ്ചിന്റെ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തുകൂടി വെടിയുണ്ട തുളഞ്ഞുകയറിയിട്ടുണ്ട്. കൊല്ലണം എന്ന് ഉറപ്പിച്ചുള്ള ആക്രമണമാണ് പൊലീസ് നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം വെടിയുതിര്‍ത്തത് പൊലീസാണെന്ന റിസോര്‍ട്ട് അധികൃതരുടെ ഭാഷ്യവും റഷീദ് ചൂണ്ടിക്കാണിക്കുന്നു. റിസോര്‍ട്ട് ഉടമയുടെ വെളിപ്പെടുത്തലിലൂടെ വൈത്തിരിയില്‍ നടന്നത് ഏകപക്ഷീയമായ കൊലപാതകമാണെന്ന് ബോധ്യപ്പെട്ടു. പ്രകോപനമൊന്നുമില്ലാതെ മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കൊല നടത്തുകയും ചെയ്ത പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും തണ്ടര്‍ബോള്‍ട്ടിനെ പിരിച്ചുവിടണമെന്നും റഷീദ് ആവശ്യപ്പെട്ടു.

അതേസമയം, കൊല്ലപ്പെട്ട സി.പി ജലീലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കി. പൊലീസ് സുരക്ഷയിലാണ് മൃതദേഹം പാണ്ടിക്കാടുള്ള വീട്ടില്‍ എത്തിച്ചത്. തലയില്‍ വെടിയേറ്റതാണ് ജലീലിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ