കൊച്ചി: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സർക്കാർ. മാവോയിസ്റ്റുകൾ ആയുധ സജ്ജരാണ്. ഒഡീഷയിൽ നിന്ന് കൊള്ളയടിച്ച ആയുധങ്ങളാണ് ഇവരുടെ കൈവശമുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കൊലപാതകങ്ങളിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. കേസ് ഡയറിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും സർക്കാർ കോടതിക്ക് കൈമാറി.

അട്ടപ്പാടി, വയനാട് വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി വനമേഖലയിൽ തിരച്ചിൽ പതിവാണ്. അട്ടപ്പാടിയിൽ തിരച്ചിലിനിടെ മാവോയിസ്റ്റുകൾ തണ്ടർബോൾട്ടിനു നേരെ വെടിയുതിർത്തു. മാവോയിസ്റ്റുകളുടെ കൈവശം എകെ 47 തോക്കുകൾ ഉണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണു വെടിവയ്പ് നടന്നത്. തുടർന്നുണ്ടായ വെടിവയ്പിലാണ് നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Read Also: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ: സിപിഐ റിപ്പോർട്ട്

മണിവാസകത്തിന്റെ സഹോദരി യുഎപിഎ ചുമത്തപ്പെട്ട് തിരുച്ചിറപ്പള്ളി ജയിലിൽ ആണെന്നും സർക്കാർ കോടതിയെ അറിയിച്ചു. സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചാണു അന്വേഷണം നടക്കുന്നതെന്നും സർക്കാർ അറിയിച്ചു.

ഏറ്റുമുട്ടലിൽ പങ്കെടുത്ത പൊലീസുകാർക്കെതിരെ കേസെടുത്താൽ രാജ്യമൊട്ടാകെ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെ നേരിടാനാവില്ലന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. മാവോയിസ്റ്റുകൾ നിരോധിത ഭീകര സംഘടനായാണെന്നും കുഴിബോംബsക്കം ആയുധങ്ങൾ ഇവർക്ക് ലഭിക്കുന്നുണ്ടെന്നും ഇതിനകം സിആർപിഎഫിൽ നിന്നടക്കം അറുനൂറോളം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.

മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഹർജി ഭാഗം ആരോപിച്ചു. ആസൂത്രിത ഏറ്റുമുട്ടലാണ് നടന്നത്. കസ്റ്റഡിയിൽ വെടിവച്ചു കൊല്ലുകയായിരുന്നു. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹർജി ഭാഗം ആവശ്യപ്പെട്ടു. കേസ് കോടതി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ മൃതദേഹങ്ങൾ സൂക്ഷിക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.

Read Also: മാവോയിസ്റ്റ് വിഷയം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ

അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കാർത്തിയുടെയും മണിവാസകത്തിന്റെയും മൃതദേഹങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സംസ്കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. മ്യതദേഹങ്ങൾ കേടാവാതെ സൂക്ഷിക്കാൻ സർക്കാരിനു കോടതി നിർദേശം നൽകി. എട്ടാം തീയതിക്കകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു. സംസ്‌കാരം നടത്താനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റുകാരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.