കൽപറ്റ: വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു. മലപ്പുറം പാണ്ടിക്കാടുള്ള വീട്ടുവളപ്പിലാണ് ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചത്. മൂന്ന് മണിക്കൂറോളം മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചയോടെയാണ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

സി.പി.ജലീലിന്റെ ശരീരത്തില്‍ മൂന്ന് തവണ വെടിയേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് പൊലീസ് പ്രവേശിച്ചത്. ജലീലിന്റെ മൃതദേഹത്തിനരികില്‍ നിന്ന് നാടന്‍ തോക്കും വെടിമരുന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ എകെ 47 ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, അതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല.

ജലീലിന്റെ കൊലപാതകം വ്യാജഏറ്റുമുട്ടലില്‍ തന്നെയാണെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുകയാണ്. കൂടുതല്‍ അന്വേഷണം നടത്തണമെന്നും വെടിവച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജലീലിന്റെ സഹോദരന്‍ സി.പി.റഷീദ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കും. കോഴിക്കോട് എസ്‌പിക്കാണ് അന്വേഷണ ചുമതല. നാല് ദിവസത്തിനകം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ