കൊച്ചി: മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വച്ച കേസിൽ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരം (യുഎപിഎ) അറസ്റ്റിലായ രണ്ട് വിദ്യാർഥികളുടെ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസ് 14 ന് പരിഗണിക്കും.
കോഴിക്കോട്ടെ വിദ്യാർഥികളും സിപിഎം പ്രവർത്തകരുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. വിദ്യാർഥികളുടെ ജാമ്യാപേക്ഷകൾ സെഷൻസ് കോടതി വ്യാഴാഴ്ച തള്ളിയതിനെത്തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികൾക്കെതിരെ തെളിവുണ്ടെന്ന് കണ്ടാണ് ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളിയത്.
Read Also: കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ദേശീയ തലത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സര്ക്കാര്
നവംബർ ഒന്നിന് പൊലീസ് പട്രോളിങ്ങിനിടെ കോഴിക്കോട് പന്തീരാങ്കാവ് പാറമ്മലിൽ വൈകിട്ട് 6.45 ന് സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടെന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ ബാഗിൽനിന്ന് നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നുമാണ് കേസ്.
അലൻ ഷുഹൈബിൽനിന്ന് മൊബൈൽ ഫോൺ മാത്രമാണ് കണ്ടെടുത്തതെന്നും വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു തെളിവുകൾ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അലൻ മാവോയിസ്റ്റ് സംഘടനയിൽ അംഗമല്ലെന്നും അംഗമാണെന്നു തെളിയിക്കുന്നതിനുള്ള ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും അതുകൊണ്ട് യുഎപിഎ നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Read Also: ബിജെപി എന്നെ കാവിപൂശാൻ ശ്രമിക്കുന്നു; വലയിൽ വീഴില്ല: രജനീകാന്ത്
എന്നാൽ, താഹ ഫസലിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ഏതാനും ബുക്കുകളും നോട്ടീസുകളും ലഘുലേഖകളും സിപിഐ മാവോയിസ്റ്റിന്റെ രണ്ടു ബാനറുകളും ലാപ്ടോപ്പും സിം കാർഡും പെൻഡ്രൈവും മെമ്മറി കാർഡും പിടിച്ചെടുത്തതായി പറയുന്നുണ്ട്. താഹ ഫസൽ നിരോധിത സംഘടനയിൽ പ്രവർത്തിച്ചതിന് ഒരു തെളിവും പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും ഹർജയിൽ പറയുന്നു.
അതേസമയം, യുഎപിഎ ചുമത്തിയ വിഷയത്തിൽ ഇടപെടേണ്ട എന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റിക്ക്. വിദ്യാർഥികളുടെ അറസ്റ്റിന്റെ കാര്യത്തിൽ യുഎപിഎ സമിതി അന്തിമ തീരുമാനമെടുക്കട്ടെയെന്നും പാർട്ടി വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. സ്ഥിതി ഗുരുതരമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കും. ഇരുവരെയും പാർട്ടിയിൽനിന്നു പുറത്താക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.