scorecardresearch
Latest News

കീഴടങ്ങാന്‍ തയ്യാറായവരെയാണ് വെടിവച്ചു കൊന്നത്; മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദിവാസി നേതാക്കള്‍

മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു

കീഴടങ്ങാന്‍ തയ്യാറായവരെയാണ് വെടിവച്ചു കൊന്നത്; മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദിവാസി നേതാക്കള്‍

പാലക്കാട്: അട്ടപ്പാടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ദുരൂഹത ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി നേതാക്കള്‍. കീഴടങ്ങാന്‍ തയ്യാറായവരെയാണ് പൊലീസ് വെടിവച്ചുകൊന്നതെന്ന് ആദിവാസി നേതാവ് ശിവാനി പറഞ്ഞു.  മണിവാസകം ആരോഗ്യപ്രശ്‌നങ്ങളാൽ അവശനായിരുന്നു. ഇവരുമായി പൊലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. പൊലീസ് വെടിവച്ചുകൊല്ലുമെന്ന് മരിച്ചവര്‍ ഭയപ്പെട്ടിരുന്നതായും ശിവാനി അട്ടപ്പാടിയില്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ശിവാനിയുടെ പ്രതികരണം. മാവോയിസ്റ്റുകളുമായി പൊലീസ് നടത്തിയിരുന്ന മധ്യസ്ഥ ചർച്ചകളിൽ ശിവാനി പങ്കെടുത്തിരുന്നു.

പൊലീസ് നടപടിയിൽ സംശയമുണ്ട്. പരസ്‌പരം ഏറ്റുമുട്ടൽ നടന്നിട്ടുണ്ടെങ്കിൽ പൊലീസിനും പരുക്കേൽക്കണമായിരുന്നു. മറ്റു വഴികളില്ലാതെ കാട്ടിൽ കഴിയേണ്ടി വന്നവരാണ് മാവോയിസ്റ്റുകൾ. അവർ ആദിവാസി ജനങ്ങളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്താറില്ലെന്നും ശിവാനി പറയുന്നു.

അട്ടപ്പാടിയിൽ നാലു മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് മുൻകട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു പറഞ്ഞു. കൊല്ലാൻ വേണ്ടി മാത്രമാണ് അവരെ വെടിവച്ചത്. അരയ്ക്കു താഴെ വെടിവയ്ക്കാമായിരുന്നു. അല്ലെങ്കിൽ കീഴടങ്ങാനുളള അവസരം കൊടുക്കാമായിരുന്നു. ഇതിനൊന്നും തയ്യാറാവാതെ അവരെ വെടിവച്ചു കൊന്നു. തണ്ടർബോൾട്ടാണ് മാവോയിസ്റ്റുകളെ വെടിവച്ചതെന്നാണ് സർക്കാർ പറയുന്നത്. ഇതിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ലേ?. സർക്കാരിന്റെ അറിവോടുകൂടിയാണ് വെടിവയ്പ് നടന്നതെന്നും ഗ്രോ വാസു തൃശൂർ മെഡിക്കൽ കോളേജിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും വീഴ്‌ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാവോയിസ്റ്റുകൾക്ക് പ്രത്യേക പരിവേഷം ചാർത്തി നൽകേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.

Read Also: മാവോയിസ്റ്റുകളെ വെടിവച്ചത് സ്വയരക്ഷയ്ക്ക്; തണ്ടര്‍ബോള്‍ട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുമായുണ്ടായത് വ്യാജ ഏറ്റുമുട്ടലായിരുന്നു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം നടക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. രണ്ടു പേരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി.

Read Also: ‘ഡിവൈഎഫ്‌ഐയെ കാണാനില്ല’; ലുക്കൗട്ട് നോട്ടീസ് പതിച്ച് കോണ്‍ഗ്രസ്

ഉള്‍വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മഞ്ചിക്കണ്ടി ആദിവാസി ഊരിലെത്തിച്ചത്. പ്രത്യേക സുരക്ഷയൊരുക്കിയാണ് മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മേഖലയില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്ന സംശയത്തില്‍ അട്ടപ്പാടി വനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ നാലുപേരാണ് കൊല്ലപ്പെട്ടത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Maoist attack thunder bolt firing attappadi forest