തിരുവനന്തപുരം: വയനാട് പടിഞ്ഞാറേത്തറ മീൻമുട്ടിയിൽ മാവോയിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നത് ശരിയായ നിലപാടാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കാനം പറഞ്ഞു.
മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന് അവസാനിപ്പിക്കാമെന്ന ധാരണ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കില്ല. ഇത്തരം സംഭവങ്ങൾ പുനഃപരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
പൊലീസ് നടപടികളെ കാനം തള്ളി. മാവോയിസ്റ്റുകളെ ഏകപക്ഷീയമായി ഇല്ലാതാക്കുന്ന രീതി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുഖത്ത് കരിവാരിതേയ്‌ക്കുന്നതിനു തുല്യമാണെന്നും പൊലീസും തണ്ടർബോൾട്ടും ഇത് പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും കാനം ആവശ്യപ്പെട്ടു.
Read Also: രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് പരോൾ
വയനാട്ടിലേത് ഏകപക്ഷീയമായ ഏറ്റുമുട്ടൽ ആണെന്ന സംശയമാണ് മൃതദേഹം കാണാൻ ഇടയായ ജനപ്രതിനിധികൾ പങ്കുവച്ചതെന്നും കാനം പറഞ്ഞു.
സിപിഐയ്‌ക്കുള്ളിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളെ കാനം പൂർണമായി തള്ളി. മുന്നണിക്കുള്ളിൽ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്നും സിപിഐയില്‍ അഭിപ്രായ വ്യത്യാസമെന്നത് മാധ്യമങ്ങളുടെ ഭാവനയാണെന്ന് കാനം രാജേന്ദ്രന്‍. പുറത്തുവന്നത് പാര്‍ട്ടി കമ്മിറ്റിയില്‍ നടക്കാത്ത കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.