കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

യുഎപിഎ നിലനിൽക്കില്ലെന്നും നിരോധിത സംഘടനയുടെ ഭാഗമാണെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതേസമയം, കേസിൽ യുഎപിഎ നിലനിൽക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷൻ ഇന്നും കോടതിയിൽ  സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാനായി പ്രതികളിൽനിന്ന് പിടിച്ചെടുത്തതെന്ന് ആരോപിക്കുന്ന മാവോയിസ്റ്റ് രേഖകളും നോട്ടിസും പുസ്തകങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.  എന്നാൽ ജാമ്യാപേക്ഷയെ എതിർക്കാതിരുന്ന പ്രോസിക്യൂഷൻ  പ്രതികളെ  കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷയും സമർപ്പിച്ചില്ല.

കേസിൽ യുഎപിഎ നടപടി റദ്ദാക്കുന്നത് പുനഃപരിശോധിക്കാൻ പ്രോസിക്യൂഷൻ കഴിഞ്ഞദിവസം കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരുഭാഗത്തിന്‍റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പൊലീസ് റിപ്പോര്‍ട്ടില്‍ മാവോയിസ്റ്റെന്നു പറയുന്നുണ്ടെന്നു കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ വിദ്യാര്‍ഥികളും സിപിഎം പ്രവര്‍ത്തകരുമെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Read More: അറസ്റ്റിലായവർ മാവോയിസ്റ്റ് പ്രവർത്തകർ തന്നെ, ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ച്: പൊലീസ്

പ്രതികൾക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നും അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കഴിഞ്ഞദിവസം പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. യുഎപിഎ എതിർക്കുകയാണെന്ന് പറഞ്ഞ പിണറായി യുവാക്കളെ അറസ്റ്റ് ചെയ്‌ത പൊലീസ് നടപടിയെ ന്യായീകരിച്ചു. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്ന് പിണറായി നിയമസഭയിൽ പറഞ്ഞു. യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. യുഎപിഎ ദുരുപയോഗം ചെയ്താല്‍ ഉദ്യോഗസ്ഥരെ ന്യായീകരിക്കില്ല. കോഴിക്കോട് കേസില്‍ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റ് പ്രവർത്തകർ തന്നെയെന്ന് പൊലീസ് ആവർത്തിക്കുകയാണ്.  ഇരുവരും മാവോയിസ്റ്റുകാളെന്നു സമ്മതിച്ചതായാണു പോലീസ് എഫ്ഐആറിൽ പറയുന്നത്. സിപിഐ മാവോയിസ്റ്റ് ഇറക്കിയ നിരോധിത പുസ്തകം പ്രതികളിൽനിന്ന് കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു. പ്രതികൾ സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്ന് ഉത്തമബോധ്യമുള്ളതിനാൽ കേസ് ചുമത്തുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ഇരുവരും സിപിഐ മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന മിനുട്സ് ഉൾപ്പടെയുള്ള രേഖകൾ കിട്ടിയെന്നും പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വയനാട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിലാണ് അലനും താഹയും പങ്കെടുത്തത്.

ഇരുവരുടെയും ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞു. യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായവരുമൊത്ത് നിൽക്കുന്ന ഫൊട്ടോകളും പിടിച്ചിട്ടുണ്ട്. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങൾ ഇരുവരുടെയും പക്കൽ നിന്നും പിടികൂടിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തിയിരുന്നു. താഹയുടെ വീട്ടിൽ നിന്നു ലഭിച്ച രേഖകളുടെ കൂട്ടത്തിൽ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ട് ബുക്കുകളുമുണ്ടെന്നും ഇത് വായിക്കുന്നതിനായി വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.