കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്യായ തടങ്കലില്‍ വച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. ഹൈക്കോടതി മുന്‍ ജഡ്ജി കെ.ബാലകൃഷ്ണന്റെ മകന്‍ ശ്യം ബാലകൃഷ്ണനെയാണ് 2015 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചു. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല എന്ന സുപ്രധാന പരാമർശത്തോടെയായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മാവോയിസം ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെങ്കിലും മനുഷ്യന്റെ അഭിലാഷത്തിനനുസരിച്ച് ചിന്തിക്കാനുള്ള അവകാശം വ്യക്തിക്കുണ്ട്. മനസാക്ഷിയനുസരിച്ച് പ്രവർത്തിക്കാനുള്ള സാതന്ത്ര്യം പൗരനുണ്ടന്നും അത് അടിയറ വെക്കേണ്ടതില്ലന്നും സിംഗിൾ ബഞ്ച് നിരീക്ഷിച്ചിരുന്നു.

സിംഗിൾ ബഞ്ച് ഉത്തരവ് രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നായിരുന്നു സർക്കാർ വാദം. ശ്യാമിനെ അറസ്റ്റ് ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ പൊലീസിന് അധികാരമുണ്ട്. സംഭവവുമായി ബന്ധപ്പെട നിരവധി കാര്യങ്ങൾ സിംഗിൾ ബഞ്ച് പരിഗണിച്ചില്ലെന്നും സർക്കാർ വാദിച്ചു.

ശ്യാം ബാലകൃഷ്ണൻ വയനാട്ടിൽ വനമേഖലയിൽ ഒറ്റക്ക് താമസിക്കുകയാണന്നും ‘പോരാട്ടം’ പോലുള്ള മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടന്നും ആരോപിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.