scorecardresearch

പോളണ്ട് അതിർത്തിയിൽ കുടുങ്ങി മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ; പുതിയ നിർദേശവുമായി എംബസി

കൊടും തണുപ്പിൽ കിലോമീറ്റാറുകളോളം നടന്നെത്തിയ വിദ്യാർത്ഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്

stranded students, ukraine
Photo: Screen Grab

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് പോളണ്ട് അതിർത്തിയിലെത്തിയ വിദ്യാർത്ഥികൾ അതിർത്തി കടക്കാനാവാതെ കുടുങ്ങിയതായി റിപ്പോർട്ട്. അഞ്ഞൂറിലധികം വരുന്ന വിദ്യാർത്ഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. ഇതിൽ ധാരാളം മലയാളി വിദ്യാർത്ഥികളും ഉണ്ടെന്നാണ് വിവരം. കൊടും തണുപ്പിൽ കിലോമീറ്റാറുകളോളം നടന്നെത്തിയ വിദ്യാർത്ഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്.

അതിർത്തിയിൽ എത്തിയപ്പോൾ കടക്കാൻ അനുവദിച്ചില്ലെന്നും എംബസി അധികൃതരെ വിളിച്ചപ്പോൾ ഒന്നും അറിയില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നാണ് അറിയിച്ചതെന്നും മലയാളി വിദ്യാർത്ഥി അൽഫോൺസ് തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. 80 കിലോമീറ്റർ ടാക്സിയിലും 35 കിലോമീറ്റർ നടന്നുമാണ് അതിർത്തിയിലെത്തിയതെന്നും അൽഫോൺസ് പറഞ്ഞു.

25 ഓളം വിദ്യാർത്ഥികൾ അതിർത്തിക്ക് രണ്ടര കിലോമീറ്റർ അടുത്തായി കുടുങ്ങി കിടക്കുകയാണെന്ന് കളമശ്ശേരി സ്വദേശിയായ വിദ്യാർത്ഥി മുഹമ്മദ് ജിയാൻ പറഞ്ഞു. മൈനസ് നാല് ഡിഗ്രിയാണ് തണുപ്പ്. അതിർത്തിയിൽ 25 സുഹൃത്തുക്കൾ കുടുങ്ങി കിടക്കുകയാണ്. 30 ഓളം കിലോമീറ്റർ നടന്നാണ് ഇവിടെ എത്തിയത്. അതിർത്തിയിലേക്ക് പോകാൻ കഴിയില്ല. ബങ്കറിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നുള്ളൂവെന്നും ജിയാൻ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പില്ലാതെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലേക്ക് പോകരുതെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി ഇന്ന് രാവിലെ പൗരന്മർക്ക് നിര്‍ദേശം നൽകി. മുന്‍കൂര്‍ അനുമതിയില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു.

വിവിധ അതിര്‍ത്തി പോസ്റ്റുകളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം താമസസ്ഥലം എന്നിവയുടെ ലഭ്യതയോടെ തങ്ങുന്നവര്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും സാഹചര്യം വിലയിരുത്താതെ അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ എംബസി പറഞ്ഞു.

നിലവില്‍ കഴിയുന്ന സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം. എംബസിയുടെ നിര്‍ദേശമില്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്നും നിലവില്‍ സുരക്ഷിതമായ സ്ഥലത്തുള്ളവര്‍ അനാവശ്യമായി പുറത്തേക്കിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. താമസിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് ധാരണയുണ്ടാകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Also Read: Russia-Ukraine crisis Live: റഷ്യൻ സേന കീവിനടുത്ത്; റൊമാനിയയിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Many indians including malayali students stranded in poland ukraine border report