scorecardresearch

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ പലതും നടപ്പാക്കാൻ കേരളത്തിന്  മുന്നിൽ കടമ്പകളേറെ

ഹയർ സെക്കൻഡറിയിൽ രണ്ട് ഭാഷയടക്കം ആറ് വിഷയങ്ങൾ പഠിപ്പിക്കണമെന്ന നിർദ്ദേശം കേരളത്തിൽ നിലവിലെ സിലബസിൽ തന്നെ നടപ്പാക്കുന്നുണ്ട്.

ഹയർ സെക്കൻഡറിയിൽ രണ്ട് ഭാഷയടക്കം ആറ് വിഷയങ്ങൾ പഠിപ്പിക്കണമെന്ന നിർദ്ദേശം കേരളത്തിൽ നിലവിലെ സിലബസിൽ തന്നെ നടപ്പാക്കുന്നുണ്ട്.

author-image
WebDesk
New Update
NCF, Kerala education, education, education news

Representational Image

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദ്ദേശങ്ങൾ പലതും നടപ്പാക്കിയാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന പഠന സംവിധാനത്തെ ആകെ അഴിച്ചുപണിയേണ്ടി വരുമെന്ന് ആശങ്ക. ഈ നടപടികൾ തിടുക്കത്തിൽ നടപ്പാക്കിയാൽ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, സാമൂഹിക രംഗത്തും സങ്കീർണമായ പലവിധ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Advertisment

നിലവിൽ കേരളത്തിൽ നിലനിൽക്കുന്ന പഠന, പരീക്ഷ സമ്പ്രദായങ്ങളിൽ കാര്യമായ പൊളിച്ചെഴുത്ത് വേണ്ടി വരും പുതിയ സമീപനം സ്വീകരിച്ചാൽ. ഇത് വിദ്യാർത്ഥികളുടെ പഠന സാധ്യതകളെയും അധ്യാപക അനധ്യാപക തൊഴിലിനെയും ബാധിച്ചേക്കാം എന്നാണ് പൊതുവിൽ ഉയർന്നിരിക്കുന്ന ആശങ്ക.

രണ്ട് പൊതുപരീക്ഷകൾ, സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ കോമ്പിനേഷൻ, രണ്ടാം ഭാഷയുടെ പഠനം എന്നിവയൊക്കെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഭയപ്പെടുന്നത്.

ദേശീയ തലത്തിലെ നിർദ്ദേശങ്ങളിലെ രണ്ട് ഭാഷാ പഠനം നിലവിൽ തന്നെ സംസ്ഥാന ഹയർ സെക്കൻഡറി സംവിധാനത്തിലുണ്ട്. പത്താം തരം വരെ മൂന്ന് ഭാഷകളാണ് സംസ്ഥാന സിലബസിൽ പഠിപ്പിക്കുന്നത്. എന്നാൽ, പുതിയ നിർദ്ദേശമനുസരിച്ച് രണ്ട് ഭാഷകളിലൊന്ന് ഇന്ത്യൻ പ്രാദേശിക ഭാഷയാകണം എന്ന് നിർബന്ധം പിടിക്കുന്നത് കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തെയും അധ്യാപക തസ്തികളെയും ബാധിക്കും.

Advertisment

കേരളത്തിൽ ഇംഗ്ലീഷ് ആണ് ഹയർസെക്കൻഡറിയിലെ ഒന്നാം ഭാഷ. അതിന് പുറമെ ഒരു ഭാഷ കൂടെ പഠിക്കാനുണ്ട്. അത് മലയാളം, ഹിന്ദി, തമിഴ്, എന്നിങ്ങനെയുള്ള ഇന്ത്യൻ ഭാഷകൾക്ക് പുറമെ റഷ്യൻ, ജർമ്മൻ, ഫ്രഞ്ച്, അറബിക്, തുടങ്ങിയ ഭാഷകളും പഠിക്കാനുള്ള സൗകര്യമുണ്ട്. മിക്കവാറും എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുറഞ്ഞത് ഒരു വിദേശ ഭാഷയെങ്കിലും പഠിക്കാനുള്ള സൗകര്യമുണ്ട്. പ്രീഡിഗ്രിയായിരുന്ന കാലത്തും കോളജുകളിൽ ഇതേ സൗകര്യം ഉണ്ടായിരുന്നു.

കേരളത്തിലെ മാനവവിഭവശേഷിയാണ് കൂടുതൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. കഴിഞ്ഞ കുറേക്കാലമായി തൊഴിൽ തേടി മാത്രമല്ല, പഠനത്തിനായും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് നിർബന്ധമായും കുട്ടികൾ പഠിക്കുന്നുണ്ട്. അതിന് പുറമെ മലയാളം, ഹിന്ദി തമിഴ് തുടങ്ങിയ വിഷയങ്ങൾ പോലെ തന്നെ വിദേശ ഭാഷ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിലും കഴിഞ്ഞ കുറച്ചു കാലമായി വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അധ്യാപകർ പറയുന്നു. വിവിധ വിദേശ ഭാഷാ അധ്യാപകർ സ്കൂളുകളിൽ ജോലി ചെയ്യുന്നുമുണ്ട്. ഇംഗ്ലീഷിന് പുറമെ ഇന്ത്യൻ ഭാഷ മാത്രം പഠിക്കണം എന്ന് നിർബന്ധമാക്കിയാൽ ഈ അധ്യാപക തസ്തികകൾ ഇല്ലാതാകും. മാത്രമല്ല, ഈ ഭാഷ പഠിക്കാനുള്ള അവസരം കുട്ടികൾക്ക് ഹയർസെക്കൻഡറിയിൽ നഷ്ടമാവുകയും ചെയ്യും. ഒരു വിദേശഭാഷയുടെ അടിസ്ഥാനമെങ്കിലും പഠിച്ചിരിക്കുന്നത് വിദേശങ്ങളിൽ ജോലിക്ക് പലപ്പോഴും സഹായകാമായി തീരാറുണ്ടെന്ന് അവർ പറയുന്നു. ഹയർ സെക്കൻഡറിയിൽ രണ്ട് ഭാഷയടക്കം ആറ് വിഷയങ്ങൾ പഠിപ്പിക്കണമെന്ന നിർദ്ദേശം കേരളത്തിൽ നിലവിലെ സിലബസിൽ തന്നെ നടപ്പാക്കുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് പത്താംതരം വരെ ത്രിഭാഷ പദ്ധതി നടപ്പിലാക്കുന്നതിനാൽ, ഹയർ സെക്കൻഡറിയിൽ ഇന്ത്യൻ ഭാഷ നിർബന്ധമായി പഠിക്കണമെന്ന നിർദ്ദേശം ഒഴിവാക്കണമെന്നാണ് അവർ അഭിപ്രായപ്പെടുന്നു.

ഹയർസെക്കൻഡറിയിൽ ദേശീയ തലത്തിൽ വന്നിരിക്കുന്ന മറ്റൊരു നിർദ്ദേശം സയൻസ് , ആർട്സ് (ഹ്യുമാനിറ്റീസ്) വിഷയങ്ങൾ ചേർന്നുള്ള കോമ്പിനേഷനുകളിൽ വിഷയം തിരഞ്ഞെടുത്ത് പഠിക്കാമെന്നുള്ളതാണ്. കേരളത്തെ സംബന്ധിച്ച് ഇതും വലിയൊരു കീറാമുട്ടിയാകും സൃഷ്ടിക്കുക. കേരളത്തിൽ പ്ലസ് ടു ആരംഭിച്ച കാലം മുതൽ തന്നെ വിഷയങ്ങൾ സംബന്ധിച്ച് ധാരണയുണ്ടായിട്ടുണ്ട്. ഇത് കഴിഞ്ഞ കാൽ നൂറ്റാണ്ട് കൊണ്ട് സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളിലായി അൻപതിനടുപ്പിച്ച് കോമ്പിനേഷനുകളിലായാണ് വിദ്യാർത്ഥി പ്രവേശനവും പഠനവും നടക്കുന്നത്. ഈ കോമ്പിനേഷൻ അനുസരിച്ചാണ് സ്കൂളുകളിലെ സീറ്റുകളും അധ്യാപക, അനധ്യാപക നിയമനവുമൊക്കെ നടത്തിയിട്ടുള്ളത്. ഇഷ്ടമുള്ളത് പോലെ വിഷയങ്ങൾ ചേർത്ത് പഠിക്കാമെന്ന സ്ഥിതി വന്നാൽ ഇതാകെ തകിടം മറിയും. നിലവിൽ തന്നെ പ്ലസ് വൺ പ്രവേശനങ്ങളിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ സർക്കാർ വഴി തേടുമ്പോഴാണ് കൂനിൻമേൽ കുരു എന്ന പോലെ ഈ നിർദ്ദേശം വരുന്നത്. ഇതോടെ ചില വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്ത് പഠിക്കുന്നവരുടെ എണ്ണം വർദ്ധിച്ചാൽ കൂടുതൽ സങ്കീർണമാകും പ്രവേശനം. അതുപോലെ തന്നെ വിദ്യാർത്ഥി അധ്യാപക അനുപതാത്തിൽ വരുന്ന മാറ്റം നിരവധി അധ്യാപകരുടെയെയും അനധ്യാപകരുടെയും തൊഴിൽ, തസ്തിക നഷ്ടത്തിന് കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളത്തിന് മുന്നിൽ കഠിനമായ മറ്റൊരു നിർദ്ദേശം പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നടപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുന്ന രണ്ട് പൊതുപരീക്ഷകൾ കേന്ദ്രീകൃത മൂല്യ നിർണയം അടക്കം വളരെ കൃത്യതയുള്ള സംവിധാനത്തിലാണ് കേരളത്തിലെ പൊതുപരീക്ഷ സംവിധാനം. നാലര ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിൽ പൊതുപരീക്ഷയെഴുതുന്നത്. പതിനായിരത്തിലേറെ അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കാളികളാകുന്നത്. പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് മൂല്യനിർണ്ണയം നടക്കുക. ക്ലാസുകൾ ഒഴിവാക്കാതെ നടപ്പാക്കുന്ന മൂല്യനിർണയം ആണ് പൊതുപരീക്ഷകളിൽ നടപ്പാക്കുന്നത്. പരീക്ഷാ നടത്തിപ്പും, മൂല്യനിർണ്ണയവും രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന പ്രക്രിയയാണ്. ഇതിന് പുറമെ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, സേ പരീക്ഷകൾ, പുനർ മൂല്യ നിർണ്ണയം ഇങ്ങനെയുള്ള കാര്യങ്ങൾ പഠനത്തിനിടയ്ക്കാണ് നടക്കുന്നത്. ഇതെല്ലാമായിട്ടും പാഠഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിച്ചു തീർക്കാൻ പലപ്പോഴും സാധിക്കാറില്ല. ആ സാഹചര്യത്തിൽ രണ്ട് പൊതുപരീക്ഷകൾ എന്നത് അധ്യയനത്തെയും പാഠ്യേതര പ്രവർത്തനങ്ങളെയും ഒക്കെ തടസ്സപ്പെടുത്തുമെന്നാണ് അധ്യാപകരുടെ അഭിപ്രായം.

Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: