കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ മുഖ്യ പരിഗണനയുള്ള മനു റോയ്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മനു റോയ് എറണാകുളത്ത് മത്സരിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. യുഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലമാണെങ്കിലും വിജയ സാധ്യതയുണ്ടെന്ന് മനു റോയ് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

മാധ്യമങ്ങളിലൂടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കുന്ന കാര്യം അറിഞ്ഞതെന്ന് അഭിഭാഷകന്‍ കൂടിയായ മനു റോയ് പറഞ്ഞു. മിക്കവാറും താന്‍ തന്നെയായിരിക്കും എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുക. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ഇപ്പോള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർഥിത്വത്തെ കുറിച്ച് അനൗദ്യോഗികമായ അറിവ് മാത്രമാണ് ഇപ്പോൾ ഉള്ളത്. വെള്ളിയാഴ്ചയോടെയായിരിക്കും സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും മനു റോയ് പറഞ്ഞു.

Read Also: പീതാംബരക്കുറുപ്പിന്റെ സ്ഥാനാര്‍ഥിത്വം: പ്രതിഷേധിച്ച പ്രവർത്തകനെ വിലക്കി സുധാകരന്‍

വിദ്യാര്‍ഥിയായിരിക്കെ എസ്‌എഫ്‌ഐ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷക ജോലിയുമായി മുന്നോട്ടുപോകുന്നതിനാല്‍ പിന്നീട് പാര്‍ട്ടിയിലൊന്നും ഉണ്ടായിരുന്നില്ല. ഇടതുപക്ഷ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നെന്നും മനു റോയ് പറഞ്ഞു.

പ്രശസ്ത മാധ്യമപ്രവർത്തകനായ കെ.എം.റോയിയുടെ മകനാണ് മനു റോയ്. ലത്തീൻ സഭാംഗമായ മനു റോയ് എറണാകുളത്ത് യുഡിഎഫിന് മികച്ച എതിരാളിയായിരിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. സ്ഥാനാർഥിയായി ഒരാളുടെ പേര് മാത്രമാണ് മുഖ്യ പരിഗണനയിലുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും പ്രതികരിച്ചു. ലാറ്റിൻ വോട്ടുകൾ എറണാകുളത്ത് നിർണായക ഘടകമാണ്.

Read Also: നാലിടത്ത് സ്ഥാനാര്‍ത്ഥികളായി; ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഇടത് മുന്നണി

ടി.ജെ.വിനോദായിരിക്കും യുഡിഎഫ് സ്ഥാനാർഥി. കെ.വി.തോമസിന്റെ പേരും യുഡിഎഫ് പരിഗണനയിലുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയമാണ് യുഡിഎഫിന് പ്രതീക്ഷയേകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.