കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവർത്തകൻ  മന്‍സൂര്‍  വധത്തിന്റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. സംഭവത്തില്‍ പൊലീസ് നടപടികള്‍ ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് നീക്കം.

ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി,ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി എന്നിവരാണ്  യോഗം ബഹിഷ്കരിച്ചശേഷം യുഡിഎഫ് നിലപാട് വിശദീകരിച്ചത്. കൊലപാതകികളുടെ നേതാക്കന്മാരാണ് സമാധാന യോഗത്തില്‍ ഇരിക്കുന്നതെന്നു  സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി.

മന്‍സൂര്‍ വധക്കേസില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണ്. ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും  യുഡിഎഫ് സഹകരിക്കും. എന്നാൽ കൊലക്കേസ് പ്രതികളെ പൊലീസ് പിടികൂടാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

പൊലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. കൊലക്കേസ് പ്രതികളെ പിടികൂടാതെ പൊലീസ്, സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുന്നു. ഇന്ന് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതേണ്ട കുട്ടിയെ പോലും കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്റെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. കെഞ്ചിപറഞ്ഞിട്ടും വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

അതേസമയം, കലക്ടറുടെ നേതൃത്വത്തിൽ സമാധാനയോഗം തുടരുകയാണ്. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ എല്‍ഡിഎഫ്, ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറും  റൂറല്‍ എസ്പിയും യോഗത്തിലുണ്ട്.

മന്‍സൂര്‍ വധക്കേസില്‍ ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിനോസിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പതിനൊന്നിലേറെ പേർക്കു പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്നതാണ് സിപിഎം നിലപാടെങ്കിലും സംഭവം രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

മൻസൂർ വധത്തെത്തുടർന്ന് ഇന്നലെ രാത്രി സിപിഎം ഓഫിസുകള്‍ക്കുനേരെ ആക്രമണമുണ്ടായ പാനൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പാനൂർ- പെരിങ്ങത്തൂർ മേഖലയിലെ സിപിഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്കാണ് തീയിട്ടത്. മന്‍സൂറിന്റെ വിലാപയാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നത്.

Read More: കൊലയില്‍ പങ്കില്ലെന്ന് സിപിഎം; അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ജയരാജൻ

പെരിങ്ങത്തൂർ ടൗണിലുള്ള സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർക്കുകയും കൊടിയും തോരണങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ആച്ചുമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണം ഉണ്ടായി. കീഴ്മാടം, പെരിങ്ങളം, കടവത്തൂർ എന്നിവിടങ്ങളിലെ ഓഫിസുകളും തകര്‍ത്തു. പാര്‍ട്ടി ഓഫിസുകള്‍ക്കു പുറമെ നിരവധി കടകളും അടിച്ചു തകർത്തു.

അക്രമ സാധ്യതയുള്ളതിനാൽ വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത്. പാർട്ടി ഓഫിസുകൾ അക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.