മൻസൂർ വധക്കേസ്: അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്ന് കെ.സുധാകരൻ

എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. അത് പൊലീസിനെയും ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്

കണ്ണൂർ: കൂത്തുപറമ്പ് പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് എംപി കെ.സുധാകരൻ. സിപിഎം എത്രകാലം ഈ കൊലപാതക രാഷ്ട്രീയം തുടരുമെന്നും നേതാക്കളുടെ പ്രതികരണങ്ങൾ കാണുമ്പോൾ സഹതാപം തോന്നുന്നെന്നും സുധാകരൻ പറഞ്ഞു.

“അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങൾ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. അന്വേഷണ സംഘത്തെ മാറ്റണം. ടി പി വധക്കേസിൽ പിണറായി വിജയൻ പോലും പ്രതിയാകേണ്ടതായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പിണറായി വിജയൻ രക്ഷപ്പെടാൻ കാരണം,” സുധാകരൻ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ സിപിഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും സുധാകരൻ പറഞ്ഞു. കുറ്റകരമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് പേരൊഴിച്ചാൽ സിപിഎം ക്രിമിനൽ സംഘത്തിൽ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. അത് പൊലീസിനെയും ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

Read More: മൻസൂർ വധക്കേസ്: ക്രൈംബ്രാഞ്ച് സംഘം ഇന്ന് പാനൂരിൽ, പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ഷുഹൈബിനെ കൊന്ന രീതിയിലാണ് കൂത്തുപറമ്പിലെ കൊലപാതകം നടന്നത്. രണ്ട് കൊലപാതകത്തിനും സാമ്യമുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകമാണ് നടന്നത്. നിരപരാധികളായ ആളുകളെ കൊല്ലുന്നവർക്ക് പ്രത്യേകിച്ച് ഒന്നുമില്ല. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. കേസിൽ യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.

സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡിജിറ്റല്‍ ഭീഷണി സന്ദേശം പ്രചരിച്ചു. ഇത് മാത്രം മതി ഗൂഢാലോചനയ്ക്ക് തെളിവ്. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തിൽ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരന്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mansoor murder case k sudhakarans response

Next Story
കോവിഡ്: ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി റെയിൽവവേ
The moderation of comments is automated and not cleared manually by malayalam.indianexpress.com