കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് പാനൂരിൽ സംഭവ സ്ഥലം സന്ദർശിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് മൻസൂർ വധക്കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് കെ.സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ 11 പേരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പിടിയിലായ ഷിനോസ് ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 പേരെയും സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പിടികൂടാൻ കഴിയാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Read More: മന്‍സൂര്‍ വധം: ‘പൊലീസ് നടപടി ഏകപക്ഷീയം’, സമാധാനയോഗം യുഡിഎഫ് ബഹിഷ്കരിച്ചു

സംഭവ സ്ഥലത്ത് നിന്നും പൊലീസിന് മാരകായുധങ്ങളും ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. റിമാൻഡിലായ ഷിനോസിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ കോടതിയിൽ അപേക്ഷ നൽകും.

വിലാപയാത്രയ്ക്കിടെ മുസ്‌ലിം ലീഗ് പ്രവർത്തകർ സിപിഎം ഓഫീസുകൾക്കും കടകൾക്കും തീയിട്ട സംഭവത്തിൽ ഇതുവരെ 24 പേർ പിടിയിലായിട്ടുണ്ട്. കൊലപാതകക്കേസും തുടർന്നുണ്ടായ അക്രമണങ്ങളിലും കുറ്റക്കാരെ മുഴുവൻ ഉടൻ പിടികൂടുമെന്ന് കണ്ണൂ‍ർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകണം എന്നുമാണ് യുഡിഎഫിന്റെ ആവശ്യം. മന്‍സൂര്‍ വധക്കേസില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണ്. ക്രമസമാധാനനില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കും. എന്നാൽ കൊലക്കേസ് പ്രതികളെ പൊലീസ് പിടികൂടാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.