scorecardresearch

അഹിന്ദു എന്ന പേരിൽ നൃത്തോത്സവത്തിൽ വിലക്ക്; മൻസിയക്ക് പിന്തുണ പ്രവാഹം

ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതിനാൽ ഇത് തനിക്ക് ഒന്നുമില്ലെന്നും. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോകുന്നതെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും മൻസിയ കുറിച്ചു

Mansiya VP, Dancer

തൃശൂർ: അഹിന്ദു എന്ന പേരിൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വിപി മൻസിയയ്ക്ക് പിന്തുണയേറുന്നു. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന നൃത്തോത്സവത്തിൽ ഭരതനാട്യം കളിക്കുന്നതിൽ നിന്നാണ് ക്ഷേത്രഭാരവാഹികൾ മൻസിയയെ ഒഴിവാക്കിയത്.

ഏപ്രിൽ 21ന് വൈകുന്നേരം നടക്കുന്ന പരിപാടിയുടെ നോട്ടീസ് ഉൾപ്പെടെ അടിച്ച ശേഷം ക്ഷേത്രഭാരവാഹികളിൽ ഒരാൾ വിളിച്ച് അഹിന്ദു ആയതിനാൽ കളിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു എന്ന് മൻസിയ പറഞ്ഞു.

നല്ല നർത്തകി ആണോ എന്നതല്ല മതത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വേദികളുമെന്നും മൻസിയ ഫെയ്‌സ്ബുക്കിൽ കുറിച്ചു. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോ എന്ന ചോദ്യമുണ്ടായി. ഇത് പുതിയ അനുഭവമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ഇല്ലാതായി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തകയാവുന്നു. മൻസിയ കുറിച്ചു.

ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതിനാൽ ഇത് തനിക്ക് ഒന്നുമില്ലെന്നും. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോകുന്നതെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും മൻസിയ പറഞ്ഞു.

കലാകാരന്മാരും സാമൂഹികപ്രവർത്തകരുമുൾപ്പെടെ നിരവധിപേരാണ് നർത്തകിയ്‌ക്ക് പിന്തുണയുമായി എത്തുന്നത്. മതവും ജാതിയും നമ്മുടെ നാട്ടിൽ കലയേക്കാൾ മുകളിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതാണ് മൻസിയയുടെ പരിപാടിക്ക് വിലക്കേർപ്പെടുത്തിയ നടപടിയെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ പറഞ്ഞു.

“തുടക്കം മുതൽ ഇതിനേക്കാൾ വിലക്കുകളും മാറ്റിനിർത്തലുകളും വെല്ലുവിളികളും അതിജീവിച്ചാണ് മൻസിയ എന്ന നർത്തകി ഉദയം ചെയ്തത്. അതിനാൽ മൻസിക്ക് ഇതൊന്നുമാകില്ല എന്നറിയാം. പക്ഷെ, ഇങ്ങനെ ഒരു മികച്ച കലാകാരിയെ മാറ്റി നിർത്തുന്നതിലൂടെ നമ്മൾ നൂറ്റാണ്ടുകൾ പിറകിലേക്കാണ് നടക്കുന്നത് എന്ന് ചരിത്രം അടയാളപ്പെടുത്തും. ഇത്തരം സംഭവങ്ങൾ ആധുനിക കേരളത്തിന് അപമാനകരമാണ്. എത്ര വിലക്കുകൾ കൊണ്ട് മറക്കാൻ ശ്രമിച്ചാലും അതിനെയെല്ലാം നിഷ്പ്രഭമാക്കി സമയമാകുമ്പോൾ യഥാർത്ഥ സൂര്യൻ ഉദിച്ചുയരുകതന്നെ ചെയ്യും. കലാപ്രതിഭകളെ ജാതിമതത്തിനതീതമായി ആദരിക്കുന്ന കാലം വരും” മുഹ്‌സിൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

മന്‍സിയയ്ക്ക് ക്ഷേത്രത്തിലെ സാംസ്‌കാരികോത്സവത്തില്‍ നൃത്തം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചത് ആശങ്കാകുലമായ കാര്യമാണെന്ന് കെ.കെ ശൈലജ എംഎൽഎ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കി മാത്രമേ മനുഷ്യന് ജീവിക്കാന്‍ കഴിയു എന്ന അവസ്ഥ വന്നാല്‍ മതപരമായ കടുംപിടുത്തങ്ങള്‍ക്കും വര്‍ഗീയതയ്ക്കും നാട് സാക്ഷ്യം വഹിക്കുമെന്ന് ശൈലജ പറഞ്ഞു.

കലാകാരന്മാരെ മാറ്റിനിർത്തിയിട്ടു ഏതു ദൈവത്തെയാണ് നിങ്ങൾ പ്രീതിപ്പെടുത്താൻ പോകുന്നതെന്ന് നടി സ്നേഹ ശ്രീകുമാർ ചോദിച്ചു. കലാകാരന്മാരാലും കലാസ്ഥാപനങ്ങളാലും ചുറ്റപ്പെട്ട ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ നിന്ന് ഇങ്ങനെയൊരു തീരുമാനം തികച്ചും അപമാനകരമാണെന്നും അവർ പറഞ്ഞു.

ജാതി മത ഭേദമന്യേ കലയ്ക്കും കലാകാരനും വേണ്ടി നില കൊണ്ട മഹാരഥന്മാരുടെ നാടാണ് കേരളം. അവർ കൊണ്ടുവന്ന പുരോഗമന ആശയങ്ങൾ നെഞ്ചോടു ചേരിക്കുന്ന ഒരു ജനത ആണ് കേരളത്തിൽ ഉള്ളത്. ആ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ജനതയ്ക്ക് മുന്നിൽ – വിശ്വാസം എന്നത്തിന്റെ മറവിൽ പണിയുന്ന മതിലുകളാൽ നിങ്ങൾ നിഷേധിക്കുന്ന ഓരോ വേദികൾക്കും പകരം ആയിരം വേദികൾ ഉയരും. കല വിജയിക്കും എക്കാലവും – വിദ്വേഷം പരാജയപ്പെടുമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഫെയ്‌സ്‌ബുക്കിൽ പിന്തുണയർപ്പിച്ചു കുറിച്ചു.

പ്രശസ്‌ത്ര ചലച്ചിത്ര നിരൂപകൻ ജി.പി രാമചന്ദ്രനും മൻസിയക്ക് പിന്തുണയുമായി രംഗത്തെത്തി. “ബ്രാഹ്മണാധിപത്യം തുലയട്ടെ. ജാത്യഹങ്കാരം തുലയട്ടെ” എന്ന് അദ്ദേഹം കുറിച്ചു.

ഭരതനാട്യത്തിൽ പിഎച്ച്‌ഡി ചെയ്യുന്ന മൻസിയയ്ക്ക് മുസ്ലീമായിരിക്കെ ശാസ്ത്രീയ നൃത്തം ചെയ്തതിന്റെ പേരിൽ മതത്തിൽ നിന്ന് ഏറെ വിവേചനങ്ങൾ നേരിട്ടിരുന്നു. സ്വന്തം മഹല്ലിൽ നിന്ന് ഉൾപ്പെടെ പലതരത്തിലുള്ള ബഹിഷ്‌കരങ്ങളും വിലക്കുകളും മുൻപ് നേരിടേണ്ടി വന്നിട്ടുണ്ട്.

ക്ഷേത്രത്തിന്റെ നിലവിലുള്ള പാരമ്പര്യമനുസരിച്ച് ക്ഷേത്ര വളപ്പിൽ ഹിന്ദുക്കൾക്ക് മാത്രമേ ചടങ്ങുകൾ നടത്താൻ കഴിയൂ എന്ന് കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മേനോൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ക്ഷേത്രം 12 ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്നതാണ്. ക്ഷേത്ര വളപ്പിലാണ് പത്ത് ദിവസത്തെ ഉത്സവം നടക്കുന്നത്. 800 ഓളം കലാകാരന്മാർ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. നമ്മുടെ ആചാരപ്രകാരം, കലാകാരന്മാരോട് അവർ ഹിന്ദുക്കളാണോ അതോ അഹിന്ദുക്കളാണോ എന്ന് ചോദിക്കണം. തനിക്ക് മതമില്ലെന്നാണ് മൻസിയ രേഖാമൂലം എഴുതി നൽകിയത്. അതിനാലാണ് വേദി നിഷേധിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ ആചാരമനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോയത്,” അദ്ദേഹം പറഞ്ഞു.

Also Read: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം; വിലക്കി ഉടന്‍ ഉത്തരവിറക്കണമെന്നും ഹൈക്കോടതി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mansiya vp barred from performing in kudalmanikyam temple responses

Best of Express