തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. പാക്ക് വെട്ടി കൊണ്ടിരിക്കുകയായിരുന്നു മനോരമ. പെട്ടെന്ന് പ്രതി മനോരമയെ പിന്നിൽ നിന്നും ആക്രമിക്കാൻ ശ്രമിച്ചു. നിലവിളിച്ചപ്പോള്‍ വായ് കൂട്ടിപിടിച്ചു. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് പ്രതി ആക്രമിക്കുകയായിരുന്നു. അതിനുശേഷം മൃതദേഹം കിണറ്റിലേക്ക് തള്ളിയെന്നാണ് ഇരുപത്തിയൊന്നു വയസ്സുള്ള ബംഗാൾ സ്വദേശിയായ പ്രതി ആദം അലി പൊലീസിന് നൽകിയ മൊഴി.
കൊലപാതകത്തിനുശേഷം കേരളം വിട്ട പ്രതിയെ ചെന്നൈയിൽനിന്നാണ് പിടികൂടിയത്. ചെന്നൈവഴി ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ആദം അലിയെ ചെന്നൈ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ആര്‍.പി.എഫും ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ ഇന്ന് തിരുവനന്തപുരം കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ ആവശ്യപ്പെടും.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് മനോരമ കൊല്ലപ്പെട്ടത്. കോളേജ് വിദ്യാഭ്യാസവകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ടാണ് മനോരമ (68). ഉച്ചയോടെ വീട്ടിലെത്തിയ ഇയാള്‍ മനോരമയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ മറ്റൊരു വീട്ടിലെ കിണറ്റില്‍ തള്ളുകയായിരുന്നു. മനോരമയുടെ വീടിനുസമീപം കെട്ടിട നിര്‍മാണത്തിനെത്തിയ തൊഴിലാളിയായിരുന്നു ആദം അലി.
കാലില്‍ കല്ലുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കിണറ്റില്‍നിന്ന് കണ്ടെടുത്തത്. മനോരമയുടെ മാല ഉള്‍പ്പെടെ ആറ് പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയാണോ പ്രതി മനോരമയെ കൊലപ്പെടുത്തിയെന്ന വിവരങ്ങൾ ചോദ്യം ചെയ്യലിനുശേഷമേ വ്യക്തമാകൂ.