കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി മനോഹരന്‍ സ്റ്റേഷനില്‍ വച്ച് കുഴഞ്ഞ് വീണ് മരിച്ച സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മനോഹരനെ കസ്റ്റഡിയിലെടുത്തതില്‍ വീഴ്ചപറ്റിയെന്നാണ് നിഗമം,
സംഭവത്തില്‍ സ്റ്റേഷനിലെ എസ് ഐ ജിമ്മിയെ സസ്പെന്‍ഡ് ചെയ്തു. ജിമ്മി മനോഹരന്റെ മുഖത്തടിച്ചതായാണ് ലഭിക്കുന്ന വിവരം. മനോഹരനെ പിടികൂടിയ ശേഷം പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. മര്‍ദനത്തിന് പിന്നാലെ തളര്‍ന്ന മനോഹരനെ പൊലീസുകര്‍ ഉന്തിത്തള്ളിയാണ് വാഹനത്തില്‍ കയറ്റിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്നലെ രാത്രി 8.45-നായിരുന്നു സംഭവം. കര്‍ഷക കോളനിക്ക് സമീപം വച്ചാണ് മനോഹരനെ പിടികൂടിയത്. ബൈക്കിലെത്തിയ മനോഹരന്‍ ചെക്കിങ്ങിന് നിന്ന പൊലീസുകാര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പിന്നാലെയെത്തി മനോഹരനെ പിടികൂടിയതും സ്റ്റേഷനിലേക്ക് കൊണ്ടുപോയതും.
സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞു വീണതായാണ് റിപ്പോര്‍ട്ട്. മനോഹരനെ ഉടന്‍ തന്നെ കൊച്ചി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കസ്റ്റഡി മരണം ആരോപിച്ച് പ്രതിഷേധം ഉയരുന്നുണ്ട്. നാട്ടുകാര്‍ ഹില്‍ പാലസ് സ്റ്റേഷന്‍ ഉപരോദിച്ചു.