പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടകൊലക്കേസില്‍ മുസ്ലിം ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ. സിപിഎം പ്രവര്‍ത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ-45) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നല്‍കണം.
മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി എം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെയാണ് ജില്ലാ ജഡ്ജി ടി എച്ച് രജിത ശിക്ഷിച്ചത്. സിദ്ദിഖാണ് ഒന്നാം പ്രതി. പാലക്കാപറമ്പില്‍ അബ്ദുല്‍ ജലീല്‍, തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്‍, മങ്ങാട്ടുതൊടി ഷമീര്‍, അക്കിയപാടം കത്തിച്ചാലില്‍ സുലൈമാന്‍, മാങ്ങോട്ടുത്തൊടി അമീര്‍, തെക്കുംപുറയന്‍ ഹംസ, ചീനത്ത് ഫാസില്‍, തെക്കുംപുറയന്‍ ഫാസില്‍, എം റാഷിദ് (ബാപ്പൂട്ടി), ഇസ്മായില്‍ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീന്‍, ഷഹീര്‍, അംജാദ്, മുഹമ്മദ് മുബഷീര്‍, മുഹമ്മദ് മുഹസിന്‍, നിജാസ്, ഷമീം, സുലൈമാന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
കേസില്‍ ആകെ 27 പ്രതികളാണുണ്ടായിരുന്നത്. നാലാം പ്രതി ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. മറ്റൊരു പ്രതിയ്ക്കു കുറ്റം കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ തുടരുകയാണ്.
2013 നവംബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം. എപി സുന്നി പ്രവര്‍ത്തകര്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട സഹോദരങ്ങള്‍. രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമാണ് കൊലയ്ക്കു കാരണമായി കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
Also Read: ഷഹാനയുടെ മരണം: ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി, ആത്മഹത്യ തന്നെയെന്ന് നിഗമനം
സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് 1998-ല്‍ പാലയ്ക്കാ പറമ്പില്‍ മുഹമ്മദ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീനും ഹംസയും. കേസില്‍ 2007ല്‍ ഇവരെ കോടതി വിട്ടയച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പള്ളിയില്‍ പണിപ്പിരിവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം എതിര്‍വിഭാഗത്തിന്റെ പ്രകോപനത്തിനു കാരണമായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായവരെല്ലാം മുസ്ലീംലീഗ് പ്രവര്‍ത്തകരോ അവരോട് ബന്ധമുള്ളവരോ ആയിരുന്നു.
പണപ്പിരിവു ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഹംസ കോടതിയില്‍നിന്ന് അനുകൂലവിധി നേടിയിരുന്നു. വിഷയത്തില്‍ മുസ്ലിഗ ലീഗ് നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടില്‍ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. ഇവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇദ്ദേഹമായിരുന്നു കേസിലെ നിര്‍ണായകസാക്ഷി. കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെ തൊണ്ണൂറിലേറെ സാക്ഷികളെയാണു കോടതിയില്‍ വിസ്തരിച്ചത്.
കൊലപാതകം നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണു കേസില്‍ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണ നീളുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു.