കോട്ടയം: മന്നം ജയന്തി സമ്പൂർണ അവധി ദിനമാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സംസ്ഥാന സർക്കാരിന് എൻ.എസ്.എസിനോട് വിവേചനമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിനെ അവഗണിക്കുന്നവർ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകരാക്കി ഉയർത്തിക്കാട്ടിയിട്ടുണ്ടെന്നും ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്നം ജയന്തിക്ക് നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. ഇത് സമ്പൂർണ അവധിയാക്കാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ മുടന്തൻ ന്യായങ്ങൾ പറയുകയാണെന്നാണ് എൻഎസ്എസിന്റെ വിമർശനം.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് മന്നം ജയന്തി അവധി ദിനമായി പ്രഖ്യാപിച്ചത്. എന്നാൽ ബാങ്കുകൾക്ക് ഉൾപ്പടെ അവധി ലഭിക്കുന്ന സമ്പൂർണ അവധി ആക്കുന്നതിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ല.
Also Read: കോവളം സംഭവം: മുന്ന് പൊലീസുകർക്കെതിരെ വകുപ്പുതല അന്വേഷണം
അതേസമയം, വിഷയത്തിൽ എൻഎസ്എസിന് പിന്തുണയുമായി വി. മുരളീധരൻ രംഗത്തെത്തി. എൻഎസ്എസിന്റേത് ന്യായമായ ആവശ്യമാണെന്ന് വി. മുരളീധരൻ പറഞ്ഞു.