/indian-express-malayalam/media/media_files/2025/03/17/rq50hLSofYVOnZiHidYa.jpg)
മങ്കൊമ്പ് ഗോപാലകൃഷ്ണൻ
കൊച്ചി: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് ഗോപാലകൃഷ്ണൻ. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 'വിമോചനസമരം' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നത്. 'ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍', 'ആഷാഢമാസം ആത്മാവില്‍ മോഹം', 'നാടന്‍പാട്ടിന്‍റെ മടിശ്ശീല കിലുങ്ങുമീ' തുടങ്ങി എന്നെന്നും ഓർത്തിരിക്കുന്ന നിരവധി ഗാനങ്ങളാണ് സിനിമ ലോകത്തിന് സമ്മാനിച്ചത്.
പത്തോളം ചിത്രങ്ങൾക്ക് അദ്ദേഹം കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.
മലയാളത്തിലേയ്ക്ക് ഏറ്റവും കൂടുതൽ ചിത്രങ്ങൾ മൊഴിമാറ്റിയതും മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചിട്ടുണ്ട്. യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹമായിരുന്നു ഒരുക്കിയത്.
സംവിധായകൻ ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. എം.എസ് വിശ്വനാഥൻ ആയിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത്.
കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങൾകൊണ്ട് സഹൃദയമനസ്സിൽ സ്ഥാനം നേടിയ ചലച്ചിത്ര ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. "70 കളിലും 80 കളിലും നിരവധിയായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 200 സിനിമകളിലായി 700 ഓളം ഗാനങ്ങൾ എഴുതി. ലക്ഷാർച്ചനകണ്ട് മടങ്ങുമ്പോൾ, നാടൻപാട്ടിന്റെ മടിശ്ശീല തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ബാഹുബലി അടക്കമുള്ള അന്യഭാഷാ ചലച്ചിത്ര തിരക്കഥകളും സംഭാഷണവും മലയാളത്തിലാക്കുന്നതിലൂടെയും ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു," മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.