ദുബായ്: നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിക്കാതെ നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യര്‍ വിദേശത്തേക്ക്. നാട്ടില്‍ വിവാദം കത്തിനില്‍ക്കെ സ്വര്‍ണക്കടകളുടെ ഉദ്ഘാടനത്തിനായാണ് മഞ്ജുവാരിയര്‍ യുഎഇയിലേക്ക് പോകുന്നത്. തമിഴ് നടന്‍ പ്രഭുവിനൊപ്പം പ്രമുഖ ജുവലറിയുടെ ഷോറൂം ഉദ്ഘാടനത്തിനായാണ് മഞ്ജു റാസ് അല്‍ ഖൈമിലും അജ്മാനിലും എത്തുന്നത്. നാളെ റാസല്‍ഖൈമയിലാണ് ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം. തുടര്‍ന്നു മഞ്ജു അജ്മാനിലെത്തുമെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ദിലീപുമായി 2015ല്‍ വിവാഹമോചനം നേടിയ മഞ്ജു, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ജുവിന്റെ നേതൃത്വത്തില്‍ അമ്മയ്ക്കു ബദലായി വുമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന രൂപീകരിച്ചു നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ത്വരിതഗതിയിലായതും ഒടുവില്‍ ദിലീപ് അറസ്റ്റിലായതും.

നടി ആക്രമിക്കപ്പെട്ടപ്പോൾ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പരസ്യമായി പറഞ്ഞത് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ ആയിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മയിലാണ് ഗൂഢാലോചനയുണ്ടെന്ന മഞ്ജുവിന്റെ പരാമര്‍ശം ഉണ്ടാകുന്നത്. 2017 ഫെബ്രുവരി 19നായിരുന്നു പ്രതിഷേധ കൂട്ടായ്മ ചേര്‍ന്നത്.

Read More : ‘സ്വന്തം വീട്ടിൽ പോലും പെൺമക്കൾ സുരക്ഷിതരല്ല’; ദിലീപിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

വേദിയില്‍ അപ്പോള്‍ നടന്മാരായ മമ്മൂട്ടി, ഇന്നസെന്റ്, ദിലീപ് എന്നിവരടക്കം എല്ലാവരും ഉണ്ടായിരുന്നു. തുടര്‍ന്നും തന്റെ പരാമര്‍ശത്തില്‍ മഞ്ജുവാര്യര്‍ ഉറച്ചുനിന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റും ഇപ്പോഴുണ്ടായ വിവാദങ്ങളെ തുടര്‍ന്നുളള അന്വേഷണവുമാണ് ഒടുവില്‍ ഗൂഢാലോചനയിലെ വഴിതുറക്കുന്നതും ദിലീപിന്റെ അറസ്റ്റില്‍ കലാശിക്കുന്നതും. അമ്മയുടെ പ്രതിഷേധ കൂട്ടായ്മയില്‍ ദിലീപും പങ്കെടുത്തിരുന്നു എന്നതാണ് ശ്രദ്ധേയം. ഞെട്ടിക്കുന്ന സംഭവമെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം.

‘ഞാനവളെ കണ്ടു. ധീരയാണ് അവള്‍. ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. സംഭവത്തില്‍ സങ്കടമല്ല, രോഷമാണ് തോന്നുന്നത്’ പ്രതിഷേധ കൂട്ടായ്മയിൽ മഞ്ജു വാര്യർ പറഞ്ഞത്.

Read More : ‘മൂന്ന് മിനുറ്റ് വീഡിയോയില്‍ നടിയുടെ ചിരിക്കുന്ന മുഖവും മോതിരവും വേണം’; ഒന്നരക്കോടിയുടെ ക്വട്ടേഷന് ദിലീപ് ആവശ്യപ്പെട്ടത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ