തിരുവനന്തപുരം: വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കുകയും, പിന്നീട് നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്ത നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്. വനിതാ മതിലിന് രാഷ്ട്രീയനിറം വന്നതുകൊണ്ടാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരുടെ കണ്ണാടിയുടെ കുഴപ്പമായിരിക്കുമെന്നും ഇതില്‍ രാഷ്ട്രീയ നിറമില്ലെന്നും മന്ത്രി മറുപടി പറഞ്ഞു.
”അവര്‍ വലിയ കലാകാരിയാണ്. എനിക്ക് ഏറെ ബഹുമാനമുള്ള കലാകാരിയാണ്. പക്ഷേ അവരുടെ സോഷ്യല്‍ സ്പെക്ടക്കിള്‍, അതായത് അവരുടെ സാമൂഹ്യ കണ്ണാടി, മാറേണ്ട സമയമായി. ആ കണ്ണാടി കുറച്ച് പഴയതാണ്, അതുകൊണ്ടാണ് രാഷ്ട്രീയ നിറമുണ്ടെന്ന് തോന്നിയത്. അതല്ലാതെ അവരുടെ കലാപരമായ കഴിവുകളോട് വളരെ ബഹുമാനമുണ്ട്,” സുധാകരന് പറഞ്ഞു.
Read More: വനിതാ മതിലിൽ രാഷ്ട്രീയം; പിന്തുണ മഞ്ജു വാര്യർ പിൻവലിച്ചു
എന്‍എസ്എസ് വനിതാ മതിലിനെതിരെ രംഗത്തെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന്, അവര്‍ നേരത്തേ തന്നെ വനിതാ മതിലിനെ എതിര്‍ത്തതാണെന്ന് ജി.സുധാകരന് പറഞ്ഞു. സുകുമാരന്‍ നായര്‍ നേരത്തെ നിലപാട് എടുത്തതാണ്. അത് അദ്ദേഹം ശക്തമായി പറഞ്ഞുകൊണ്ടിരിക്കുന്നു. അതിന് പുതുമയില്ല.
‘സാമൂഹിക നവോത്ഥാനത്തിന് മുന്‍പന്തിയില്‍ നിന്ന മഹാന്മാരുടെ കൂട്ടത്തിലാണ് മന്നത്ത് പത്മനാഭന്. ജാതിരഹിതമായ ഒരു പേര് എന്ന അടിസ്ഥാനത്തില്‍, സ്വന്തം പേരിലെ ‘പിള്ള’ എന്ന വാല് മുറിച്ചതാണ് അദ്ദേഹം. നായര്‍ സമുദായത്തിലെ ദുരാചാരത്തിനെതിരെ ആദ്യം പോരാടി. അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളുടെ മുന്നോട്ട് വരവിനായി പോരാടിയ ആളാണ്. സാമൂഹിക ദുരാചാരങ്ങള്‍ നീക്കാന്‍ വേണ്ടിയാണ് അദ്ദേഹം എന്‍എസ്എസ് സ്ഥാപിച്ചത്. പക്ഷെ അതിന്റെ ഭാരവാഹികള്‍ പറയുന്നത് സാമൂഹിക ദുരാചാരവും ശബരിമല പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്നാണ്,’ മന്ത്രി പറഞ്ഞു.
മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണ പിന്‍വലിച്ചതിനെതിരെ പി.കെ.ശ്രീമതി, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരും രംഗത്തെത്തിയിരുന്നു. ഒരു കാര്യത്തെക്കുറിച്ച് വ്യക്തമായി അറിയാതെ മഞ്ജുവിനെ പോലുള്ളവര്‍ ഇറങ്ങിപ്പുറപ്പെടരുതെന്ന് ശ്രീമതി ടീച്ചറും, മഞ്ജുവിനെ കണ്ടല്ല വനിതാ മതിലിന് ഒരുങ്ങിയതെന്ന് മേഴ്സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു.
‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’ എന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മഞ്ജു വാര്യര്‍ മണിക്കൂറുകള്‍ക്കകം ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.