തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ ലക്ഷ്യമിട്ട് വിവിധ സാമുദായിക സംഘടനകളെ കൂടി ഉൾപ്പെടുത്തി സർക്കാർ നടത്തുന്ന വനിതാ മതിൽ പരിപാടിയിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി. വനിതാ മതിലിന് രാഷ്ട്രീയ നിറം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാര്യർ പിന്മാറിയത്.

ഫെയ്‌സ്ബുക്കിലാണ് മഞ്ജു വാര്യർ തന്റെ പിന്മാറ്റം അറിയിച്ചിരിക്കുന്നത്. കുറിപ്പിൽ പറയുന്നതിങ്ങനെ….

“സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.”

Read More: സ്ത്രീകളെ അനക്കമറ്റ മതിലുകളാക്കുന്നവരോട്

വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് നടി മഞ്ജു വാര്യര്‍ വനിതാ മതിലിന്റെ ആശയം പ്രചരിപ്പിക്കുന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് പറഞ്ഞത്.  വീഡിയോ സന്ദേശമായാണ് മഞ്ജുവിന്റെ പിന്തുണ പുറത്തുവന്നത്.

‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’ മഞ്ജു വാര്യര്‍ പറഞ്ഞു. ഇത് ആദ്യമായാണ് ശബരിമല വിഷയത്തില്‍ തന്റെ നിലപാട് മഞ്ജു വ്യക്തമാക്കുന്നത്. എന്നാൽ മണിക്കൂറുകൾക്കകം ഇതിൽ നിന്ന് പിന്മാറുകയും ചെയ്തു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.