തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായി നല്‍കിയ പരാതിയില്‍ നടി മഞ്ജു വാരിയര്‍ മൊഴി നല്‍കി. തൃശൂര്‍ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത്. ഷൂട്ടിങ് തിരക്കായതിനാലാണ് മഞ്ജുവിന്റെ മൊഴിയെടുക്കാന്‍ വൈകിയത്. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജു വാരിയര്‍ നൽകിയ മൊഴിയിൽ പറയുന്നു.
സ്ത്രീയോട് അപമര്യാദയായി പെരുമാറൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. ശ്രീകുമാർ മേനോനെതിരെ ഡിജിപിക്കാണ് മഞ്ജു പരാതി നൽകിയത്. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തനിക്കെതിരെ സംഘടിതമായ നീക്കം നടത്തുന്നുവെന്നും ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ മഞ്ജു പറഞ്ഞിരുന്നു.
Read Also: പ്രിയപ്പെട്ട മഞ്ജു, എല്ലാം നീ എത്ര വേഗമാണ് മറന്നത്; മറുപടിയുമായി ശ്രീകുമാർ മേനോൻ
ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും താരം പരാതിയിൽ വ്യക്തമാക്കുന്നു.
വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജു വാരിയർക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.
മഞ്ജു തനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് താൻ അറിഞ്ഞത് മാധ്യമ വാർത്തകളിൽനിന്നു മാത്രമാണെന്നും ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു.