അഭിനയ ജീവിതത്തിലേക്ക് തിരികെ വരുന്ന നടിക്ക് പൂർണ പിന്തുണയുമായി മഞ്ജു വാര്യർ. അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം അർപ്പിക്കുന്നതായി മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ നടി കാണിച്ച ധൈര്യം മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണെന്ന് മഞ്ജു പറയുന്നു.

നടൻ പൃഥ്വിരാജിനെയും മഞ്ജു അഭിനന്ദിച്ചു. ആദ്യ ദിവസം മുതൽ അവൾക്കൊപ്പം നിൽക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനെ അഭിനന്ദിക്കുന്നതായി മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാജുവിന്റെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതൽ ഭംഗിയോടെ സ്ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നുവെന്നു പറഞ്ഞാണ് മഞ്ജു ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ഫോർട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ഇന്നെത്തിയിരുന്നു. ആക്രമണത്തിനിരയായശേഷം ആദ്യമായാണ് നടി ഷൂട്ടിങ്ങിനെത്തുന്നത്.

മഞ്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേൽപ്പിക്കപ്പെട്ട ഒരാൾക്ക് സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതൽ അവൾക്കൊപ്പം നിൽക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്നേഹ സംരക്ഷണത്തിൽ അവൾ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതൽ ഭംഗിയോടെ സ്ക്രീനിൽ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ