ഷിംല: ഹിമാചൽപ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തി. മണാലിയിലേക്ക് സംഘം തിരിച്ചതായി കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.മുരളീധരൻ സംസാരിച്ചു.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ സംഘം മഴയെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്.
Read Also: മഞ്ജു വാര്യരെ രക്ഷപ്പെടുത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു: ഹൈബി ഈഡൻ
മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.
സഹോദരൻ മധു വാര്യരെ മഞ്ജു വാര്യർ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കൻഡ് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. തങ്ങളടക്കം 200 ഓളം പേർ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.
Read Also: സനല്‍കുമാര്‍ ശശിധരന്റെ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക
‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്