മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്ത് ലീഗും ബിജെപിയും തമ്മിലാണ് മത്സരമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മണ്ഡലം പിടിക്കാന്‍ പ്രധാന പോരാട്ടം നടക്കുന്നത് ലീഗും ബിജെപിയും തമ്മിലാണ്. സിപിഎം മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ്. സിപിഎമ്മും ബിജെപിയും തമ്മിലാണ് രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മഞ്ചേശ്വരത്ത് തികഞ്ഞ പ്രതീക്ഷയിലാണ് മുസ്ലീം ലീഗും യുഡിഎഫും. മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. അതേസമയം സി.എച്ച്.കുഞ്ഞമ്പുവിനെ മത്സരരംഗത്തിറക്കി മഞ്ചേശ്വരം പിടിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. മഞ്ചേശ്വരം സിപിഎം തിരിച്ചുപിടിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.

Read Also: വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മഞ്ചേശ്വരത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ വേണ്ടെന്ന നിലപാടിലായിരുന്നു ലീഗിലെ ഒരു വിഭാഗം. എം.സി. ഖമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയപ്പോൾ തന്നെ ലീഗിലെ ഒരു വിഭാഗം പ്രതിഷേധം പരസ്യമാക്കിയിരുന്നു. പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടിലേക്കു യൂത്ത് ലീഗ് മാര്‍ച്ച് നടത്തുകയും ചെയ്തു. എന്നാൽ, എല്ലാ അഭിപ്രായ ഭിന്നതകളെയും തള്ളി ലീഗ് നേതൃത്വം ഖമറുദ്ദീനെ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളെല്ലാം കെപിസിസി വിലക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണു പരസ്യപ്രസ്താവനകള്‍ വിലക്കിയതെന്നു കെപിസിസി അധ്യക്ഷന്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാൻ കെപിസിസിയില്‍ ധാരണയായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.