കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ പതിനൊന്നരയോടെയാണ് സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഒന്നര മണിക്കൂറാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.
താൻ കോഴ നൽകിയെന്ന് പറയുന്ന സുന്ധരയെ അറിയില്ലെന്നും സ്ഥാനാർഥി പത്രിക പിൻവലിക്കാൻ ഒപ്പു വെച്ചെന്ന് എന്ന് പറയുന്ന തളിപ്പടപ്പിലെ ഹോട്ടലിൽ പോയിട്ടില്ല എന്നും സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായാണ് വിവരം.
കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളത് കൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജില്ലാ ക്രൈംബ്രാഞ്ച് കെ.സുരേന്ദ്രന് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു നോട്ടീസിലെ നിർദേശം. കേസിൽ സുരേന്ദ്രനെ പ്രതിചേർത്ത് മൂന്ന് മാസത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി.രമേശ് നൽകിയ പരാതിയിലാണ് കെ.സുരേന്ദ്രനെ പ്രതിചേർത്തിരിക്കുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി) ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നതാണ് കേസ്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനു ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.