കാസര്‍ഗോഡ്: മഞ്ചേശ്വരം നിയമസഭ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നീളും. നിയമസഭ തിരഞ്ഞെടുപ്പിൽ 291 പേർ കളളവോട്ട് ചെയ്തെന്ന ആരോപണത്തിൽ കേസുമായി മുന്നോട്ട് പോകാൻ കെ.സുരേന്ദ്രൻ തീരുമാനിച്ചു. കേസിൽ പിന്മാറേണ്ടതില്ലെന്ന് ബിജെപി നേതൃത്വം തന്നെ കെ.സുരേന്ദ്രനോട് ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന പി.ബി.അബ്ദുൾ റസാഖ് 89 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇതോടെ 291 പേർ കളളവോട്ട് ചെയ്തെന്ന് സുരേന്ദ്രൻ പരാതിയുമായി കോടതിയെ സമീപിച്ചു.
കേസിൽ ഇനി 67 സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ട്. വിധി തങ്ങൾക്കനുകൂലമാകുമെന്ന് സുരേന്ദ്രൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്. കേസ് നീണ്ടുപോകുന്നത് ഇടത് സർക്കാരും മുസ്‌ലിം ലീഗും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനാലാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
ആറ് മാസത്തിനുളളിൽ ഉപതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം. കേസ് സുരേന്ദ്രന് അനുകൂലമായാൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയും അബ്ദുൾ റസാഖിന്റെ വിജയം അസാധുവാകുകയും ചെയ്യും. മറിച്ചാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇങ്ങിനെ വന്നാലും സുരേന്ദ്രൻ തന്നെയാകും ബിജെപിയുടെ സ്ഥാനാർത്ഥി.