മഞ്ചേരി: മൂക്കിലെ ദശനീക്കാന്‍ ചികിത്സ തേടിയ ഏഴുവയസുകാരന്റെ വയറിന് ഓപ്പറേഷന് നടത്തിയ വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജുമെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം നടന്നത്. ഏഴു വയസുകാരന് മൂക്കിന് പകരം വയറില്‍ ഓപ്പറേഷന് നടത്തുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കാരണക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദകുമാര്‍ പറഞ്ഞിരുന്നു.
കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യിൽ മജീദ്-ജഹാൻ ദമ്പതികളുടെ മകൻ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. പാലക്കാട് മണ്ണാർക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണൻ-കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകൻ ധനുഷി (ആറ്)ന് ഹെർണിയക്ക് (വയറിന്) ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഡാനിഷിനെ പുറത്തേക്കുകൊണ്ടുവന്നപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ ചെയ്തതായി രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ ഡാനിഷിനെ വീണ്ടും തിയറ്ററിൽ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തി.
അശ്രദ്ധയോടെ ഓപ്പറേഷൻ നടത്തിയതിൽ കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി മാനേജുമെന്റിനെതിരെ രംഗത്തുവന്നിരുന്നു. മാനേജുമെന്റിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.