പമ്പ: ശബരിമല സന്ദര്‍ശിക്കാനെത്തി പമ്പയില്‍ നിന്ന് മടങ്ങിയ മനിതി സംഘത്തിന് നേരെ ആക്രമണം. തേനി-മധുര ദേശീയ പാതയില്‍ വെച്ചാണ് അക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. തമിഴ്നാട് പൊലീസിന്റെ സംരക്ഷണയിലാണ് സംഘം മടങ്ങിയത്.

ശബരിമല ദർശനത്തിന് ശ്രമിച്ചത്​ പ്രതിഷേധക്കാർ തടഞ്ഞതോടെ മലകയറാനാകാതെ മനിതി സംഘം മടങ്ങുകയായിരുന്നു. മലകയറാൻ ശ്രമിക്കുന്നതിനിടെ ഇവർക്ക്​ നേരെ നൂറുകണക്കിന്​ പ്രതിഷേധക്കാർ ഇരച്ചെത്തിയതിനെ തുടർന്ന്​ സംഘം​ തിരിച്ചോടുകയായിരുന്നു. പമ്പയിൽ പ്രതിഷേധക്കാരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കുന്നതിനിടെയാണ്​ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​.

പമ്പയിൽ ആറുമണിക്കൂർ കാത്തിരുന്ന ശേഷമാണ്​ സംഘം മടങ്ങിയത്​കാനനപാതയിലൂടെ മുന്നോട്ടുപോയ സംഘത്തിന്​ നേരെ നൂറുകണക്കിന്​ പ്രതിഷേധക്കാർ ഓടിയടുക്കുകയായിരുന്നു. പ്രതിഷേധക്കാർ യുവതികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ പൊലീസ്​ ഇവരെയും കൊണ്ട്​ തിരിച്ചോടി. 100 മീറ്ററോളം തിരികെ ഓടിയ പൊലീസ്​ ഇവരെ ഗാർഡ്​ റൂമിലെത്തിച്ചു.

എന്നാൽ പ്രതിഷേധക്കാർ ഇവരെ പിന്തുടർന്ന്​ ഗാർഡ്​ റൂമിനു മുന്നിൽ കൂട്ടം കൂടിനിന്നു. തുടർന്ന്​ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം രൂക്ഷമായതിനെ തുടർന്ന്​ മനിതി സംഘത്തെ പൊലീസ്​ വാഹനത്തിൽ കയറ്റി പമ്പ സ്​റ്റേഷനിലേക്ക്​​ മാറ്റി. അവിടെ സ്​പെഷ്യൽ പൊലീസ്​ ഓഫീസർ കാർത്തികേയൻ ഗോകുലചന്ദ്രനും മറ്റ്​ മുതിർന്ന ഉദ്യോഗസ്​ഥരും സംഘവുമായി ചർച്ച നടത്തി. തുടർന്ന്​ ഇവർ സ്വമേധയാ തിരിച്ചുപോവുകയാണെന്ന്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. തിരിച്ചു പോകുമ്പോൾ​ സംരക്ഷണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ പൊലീസ്​ നിർബന്ധിച്ചതിനെ തുടർന്നാണ്​ തിരിച്ചു പോകുന്നതെന്ന്​ മനിതി സംഘം നേതാവ്​ സെൽവി പറഞ്ഞു. സംരക്ഷണം നൽകാനാവില്ലെന്ന്​ പൊലീസ്​ അറിയിച്ചു. അതുകൊണ്ട്​ തിരിച്ചു ​പോകുന്നു. വീണ്ടും വരുമെന്നും സെൽവി വ്യക്​​തമാക്കി. നേരത്തെ, മനിതി സംഘത്തെ തടഞ്ഞ പ്രതിഷേധക്കാരെ പമ്പയിൽ നിന്ന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു നീക്കിയിരുന്നു. നിരോധനാജ്​ഞ ലംഘിച്ചതിനായിരുന്നു​ അറസ്​റ്റ്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.