ചെന്നൈ: വരുന്ന മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്താൻ യുവതികളുമായി എത്തുമെന്ന് മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞ വാക്ക് വിശ്വസിച്ചാണ് വരുന്നതെന്നും എന്നാൽ സുരക്ഷയുടെ കാര്യത്തിൽ കേരള സർക്കാരിൽ പൂർണ വിശ്വാസമില്ലെന്നും മനിതി സംഘാംഗം സെൽവി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചെന്നൈ ആസ്ഥാനമാക്കി പ്രവർക്കിക്കുന്ന മനിതി വനിതാ സംഘം കഴിഞ്ഞ മണ്ഡലകാലത്ത് ദർശനത്തിനായി എത്തിയത്. എന്നാൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് തിരിച്ചുപോകുകയായിരുന്നു. നിയമനിർമാണം സാധ്യമല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ ദർശനത്തിനായി എത്തുന്നതെന്നും സെൽവി പറഞ്ഞു.

Read More: പമ്പയില്‍ നിന്ന് മടങ്ങിയ മനിതി സംഘത്തിന് നേരെ അക്രമണം; യുവതികള്‍ക്ക് തമിഴ്നാട് പൊലീസിന്റെ സുരക്ഷ

ശബമരിമലയിൽ ദർശനം നടത്താൻ കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് യുവതികള്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യുവതികളും ഒരുമിച്ച് ദര്‍ശനം നടത്താന്‍ സന്നദ്ധത അറിയിച്ചു. പത്തിലധികം പേര്‍ ഉണ്ടെങ്കില്‍ തമിഴ്നാട്ടില്‍നിന്ന് സംഘമായി പോകും. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു, മാധവി ഉള്‍പ്പടെയുള്ളവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സെല്‍വി പറഞ്ഞു.

കഴിഞ്ഞ തവണ ദർശനം നടത്താനാകാതെ തിരിച്ചുപോയ മനിതി സംഘത്തിനുനേരെ ആക്രമണം നടന്നിരുന്നു. ശബരിമല ദർശനത്തനുള്ള ശ്രമം​ പ്രതിഷേധക്കാർ തടഞ്ഞതോടെ മലകയറാനാകാതെ മനിതി സംഘം മടങ്ങുകയായിരുന്നു. മലകയറാൻ ശ്രമിക്കുന്നതിനിടെ ഇവർക്ക നേരെ നൂറുകണക്കിന്​ പ്രതിഷേധക്കാർ ഇരച്ചെത്തിയതിനെത്തുടർന്ന്​ സംഘം​ തിരിച്ചോടുകയായിരുന്നു. പമ്പയിൽ പ്രതിഷേധക്കാരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കുന്നതിനിടെയാണ്​ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook