കോയമ്പത്തൂർ: കേരളത്തിലെ ജനങ്ങൾ എന്നും തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് മണിപ്പൂരിലെ സമരനായികയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിള. എല്ലാത്തിൽ നിന്നും വിട്ടു നിൽക്കാനാണ് കേരളത്തിലെത്തിയതെന്നും ഇറോം പറഞ്ഞു.

മണിപ്പൂരിൽ ബിജെപി പണം കൊടുത്ത് സ്വാധീനിച്ചും കൈയ്യൂക്ക് കാണിച്ചുമാണ് വിജയം നേടിയതെന്നും ഇറോം ആരോപിച്ചു. മണിപ്പൂരിലെ ജനങ്ങൾ പ്രബുദ്ധരാകേണ്ടതുണ്ടെന്നും അവരെല്ലാം തിരിച്ചറിയുമെന്നും ഇറോം പറഞ്ഞു.

ഇറോം ഒരു മാസം അട്ടപ്പാടിയിൽ ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണിപ്പൂരിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട അവർ രാഷ്‌ട്രീയം ഉപേക്ഷിച്ച് ഒരു മാറ്റത്തിനായാണ് കേരളത്തിലേക്കെത്തുന്നത്.

കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ഇറോം അവിടെ നിന്നാണ് അട്ടപ്പാടിയിലേക്ക് പുറപ്പെട്ടത്. സാമൂഹിക പ്രവർത്തക ഉമാ പ്രേമൻ നടത്തുന്ന ശാന്തി ഇൻഫർമേഷൻ സെന്ററിലാണ് ഇറോം താമസിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ