scorecardresearch

ഗവര്‍ണര്‍ ഒപ്പിട്ടു; മണിച്ചന്‍ ഉള്‍പ്പെടെ 33 പേര്‍ ജയിലിനു പുറത്തേക്ക്

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 22 വര്‍ഷത്തിനു ശേഷമാണു ജയിൽമോചിതനാവുന്നത്

Manichan, Kalluvathukkal hooch tragedy, Kerala Governor

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി. ഈ തടവുകാരെ മോചനത്തിനായി തിരഞ്ഞെടുത്തതിൽ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ മറുപടി പരിശോധിച്ചശേഷമാണു ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.

31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 20 വര്‍ഷത്തിനു ശേഷമാണു ജയിൽമോചിതനാവുന്നത്. 2000 ഒക്‌ടോബര്‍ 21നു നടന്ന സംഭവത്തില്‍ ആറു പേര്‍ക്കു കാഴ്ച നഷ്ടപ്പെട്ടു. 150 പേര്‍ ചികിത്സ തേടി. കൊല്ലം സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. അതേസമയം, കോടതി പിഴയായി വിധിച്ച 20 ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ മണിച്ചനു ജയിൽമോചിതനാവൂയെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മണിച്ചന്‍ ഉള്‍പ്പെടെയുള്ള 33 തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. 2003 ഏപ്രിലിൽ കൊല്ലം കുപ്പണയിൽ ഏഴുപേർ മരിച്ച വിഷമദ്യ ദുരന്തക്കേസ് പ്രതി തമ്പിയും രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷയനുഭവിക്കുന്ന 14 പേരും രണ്ട് ബലാത്സംഗക്കേസ് പ്രതികളും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

ആഭ്യന്തര, നിയമ സെക്രട്ടറിമാരും ജയില്‍ ഡിജിപിയും ഉൾപ്പെട്ട സമിതി 64 തടവുകാരെയാണു മോചനത്തിനായി നിര്‍ദേശിച്ചത്. ഇതില്‍നിന്നു 33 പേരെ തിരഞ്ഞെടുത്തത് എങ്ങനെയെന്ന സംശയമാണു ഗവര്‍ണര്‍ പ്രധാനമായും ഉയര്‍ത്തിയത്.

വിദഗ്ദ സമിതി വിശദമായി പരിശോധിച്ച് എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് മോചനത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തതെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയും പ്രായാധിക്യമുള്ളവരെയും രോഗികളെയുമാണ് പരിഗണിച്ചതെന്നും വിശദീകരണത്തില്‍ പറഞ്ഞു.

തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 2018ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 33 തടവുകാരെ മോചിപ്പിക്കുന്നതില്‍ ഈ ഉത്തരവ് പാലിച്ചതായി ഫയലില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കാത്തതു സംബന്ധിച്ചും ഗവര്‍ണര്‍ സംശയമുയര്‍ത്തിയിരുന്നു. 2018ലെ ഉത്തരവ് സാധാരണ രീതിയിലുള്ള മോചനം സംബന്ധിച്ചാണെന്നും ഇപ്പോള്‍ പരിഗണിക്കുന്നതു ശിക്ഷാ കാലാവധി ഇളവ് ചെയ്ത് മോചിപ്പിക്കുന്നതാണെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി. വിട്ടയയ്ക്കാന്‍ ശിപാര്‍ശ ചെയ്തവരുടെ പട്ടികയില്‍ ഹീന കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ഇല്ലെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.

Also Read: ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ

മണിച്ചന്റെ മോചനം അഭ്യര്‍ഥിച്ച് ഭാര്യ ഉഷ ചന്ദ്രന്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതി വഴി തീരുമാനമെടുക്കണമെന്ന നിര്‍ദേശം ഫെബ്രുവരി നാലിനു കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതിനു നാല് മാസം മുന്‍പ് 2021 ഒക്ടോബറില്‍, ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന 184 പേരുടെ പട്ടിക പരിശോധിച്ചു മോചിപ്പിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കി നല്‍കാന്‍ ഉപസമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അര്‍ഹതയുള്ള തടവുകാരെ വിട്ടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സമിതിയെ തീരുമാനിച്ചത്. അര്‍ഹതയുള്ള മുഴുവന്‍ തടവുകാര്‍ക്കും ഇളവ് നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു.

മണിച്ചനും പ്രവീണ്‍ വധക്കേസ് പ്രതി മുന്‍ ഡിവൈ എസ് പി ഷാജിയും ഉള്‍പ്പെടെ 64 പേരുടെ പട്ടിക ഉപസമിതി മാര്‍ച്ചില്‍ തയാറാക്കി. തുടര്‍ന്ന് ആഭ്യന്തര, നിയമ സെക്രട്ടറിമാരുടെ സമിതി വീണ്ടും പരിശോധന നടത്തി പട്ടിക 33 പേര്‍ ഉള്‍പ്പെടുന്നതായി ചുരുക്കയും മന്ത്രിസഭ അംഗീകാരം നല്‍കുകയുമായിരുന്നു. മണിച്ചന്റെ മോചന കാര്യത്തില്‍ നാലാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി മേയ് 20നു സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Also Read: സ്വർണക്കടത്ത് കേസ്: ഷാജ് കിരണിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

മണിച്ചന്റെ ഗോഡൗണില്‍നിന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷ സ്പിരിറ്റാണ് ദുരന്തത്തിനിടയാക്കിയത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനി ഹയറുന്നിസയുടെ വീട്ടില്‍നിന്നു മദ്യം കഴിച്ചവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കേസിൽ, മണിച്ചനും ഹയറുന്നിസയ്ക്കും പുറമെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍ തുടങ്ങി 26 പേരാണു ശിക്ഷിക്കപ്പെട്ടത്. കൊല്ലം സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. ഹയറുന്നിസ ശിക്ഷയ്ക്കിടെ 2009ൽ മരിച്ചിരുന്നു. മണിച്ചന്റെ രണ്ടു സഹോദരന്മാരെ സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ജയിലിൽനിന്ന് മോചിപ്പിച്ചിരുന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് മണിച്ചന്‍ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കു മാറ്റിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Manichan kalluvathukal hooch tragedy case to be released