കോട്ടയം: അട്ടിമറി വിജയത്തില്‍ പാലായിലെ ജനങ്ങളോട് നന്ദി പറഞ്ഞ് മാണി സി.കാപ്പന്‍. അരനൂറ്റാണ്ടിന്റെ ഭരണ തുടര്‍ച്ച അവസാനിപ്പിക്കുക എന്ന ചരിത്ര ദൗത്യം തന്നിലൂടെ നിറവേറ്റിയ പാലാക്കാര്‍ക്ക് നന്ദി പറയുന്നതായി മാണി സി.കാപ്പന്‍ പറഞ്ഞു. എല്ലാം എല്ലാമായ പാലാക്കാരോടുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങുന്നില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

തന്റെ വിജയത്തിന്റെ പിന്നിൽ രാപകലില്ലാതെ പ്രവർത്തിച്ച ഇടതുപക്ഷ പ്രവർത്തകരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് മാണി സി.കാപ്പൻ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് ഊർജവും ആവേശവും പകർന്ന് എല്ലാ വിധ പിന്തുണയുമായി കൂടെ നിന്ന ഇടതു പക്ഷ നേതൃത്വത്തിന് പാലായിലെ വിജയം സമർപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

Read Also: പാലായുടെ വിശ്വാസത്തിനു നന്ദി, ഇടതാണ് ശരിയെന്നു തെളിഞ്ഞു: യെച്ചൂരി

“എതിർ സ്ഥാനാർഥികളായ എല്ലാവരോടും നന്ദി പറയുന്നു. ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകുന്നത് രാഷ്ട്രീയ ചിന്തകൾക്കും അതീതമായി പാലായിലെ വലിയൊരു വിഭാഗം ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസമാണ്. ഈ വിശ്വാസം കാത്തു സൂക്ഷിക്കുവാൻ എന്നും പ്രതിജ്ഞാബദ്ധനാണ്. എന്റെ ഉത്തരവാദിത്വം പാലായിലെ ഓരോ ജനങ്ങളോടും ആണ്. രാഷ്ട്രീയ ചേരിതിരിവുകൾക്ക് അതീതമായി നിങ്ങളുടെ പ്രശ്നങ്ങളിലും, പ്രതിബന്ധങ്ങളിലും, സന്തോഷങ്ങളിലും, ആഘോഷങ്ങളിലും ഞാൻ ഒപ്പമുണ്ടാകും.” മാണി സി.കാപ്പൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തില്‍ പാലായിലെ ജനങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറഞ്ഞു. പാലായില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വിജയം സമ്മാനിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണു ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊ‌ത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

Read Also: ദയനീയ തോല്‍വി ഇരന്നുവാങ്ങിയത്: പി.ജെ.ജോസഫ്

കേരളാ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ നടന്നത്. കെ.എം.മാണിയുടെ മരണത്തെത്തടർന്നാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.