പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ അട്ടിമറി വിജയം നേടിയതോടെ ശ്രദ്ധാകേന്ദ്രമാകുന്നതു മുഖ്യമന്ത്രി പിണറായി വിജയനും പി.ജെ.ജോസഫും. ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടര്‍ന്നു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന് അടിപതറിയപ്പോള്‍ വിമര്‍ശനം മുഴുവന്‍ നീണ്ടതു പിണറായിക്കു നേരെയായിരുന്നു. എന്നാല്‍ ശബരിമല വിഷയത്തിലെ തന്റെ നിലപാടിനെ തള്ളാതെയാണു അദ്ദേഹം പാലാ ഉപതെരഞ്ഞെടുപ്പ് ക്യാമ്പയിനു നേതൃത്വം നല്‍കിയത്. കെ.എം.മാണിയെന്ന കേരളരാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത അതികായന്‍ അരനൂറ്റാണ്ടിലേറെ കൈവശംവച്ച മണ്ഡലമാണു പിടിച്ചെടുത്തതെന്നത് ഇടതുവിജയത്തിന്റെ തിളക്കം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാലായില്‍ മറികടക്കാന്‍ കഴിഞ്ഞതു പിണറായി വിജയനെയും സിപിഎമ്മിനെയും സംബന്ധിച്ച് വരാനിരിക്കുന്ന നാളുകളിലെ രാഷ്ട്രീയനീക്കങ്ങളില്‍ ഏറെ നിര്‍ണായകമാവും. പതിവ് മന്ത്രിസഭായോഗം പോലും ഒഴിവാക്കി പാലായില്‍ ക്യാമ്പ് ചെയ്താണു മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. അതുകൊണ്ടുതന്നെ മന്ത്രി ജി. സുധാകരന്‍ പറഞ്ഞതുപോലെ പാലായിലെ വിജയം മുഖ്യമന്ത്രിയുടെ വിജയം കൂടിയാണ്.

ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന  സർക്കാരിന്റെ വിലയിരുത്തലാകു മെന്നു മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു. പാലാ തിരഞ്ഞെടുപ്പിലെ അട്ടിമറി നേട്ടം, അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന എല്‍ഡിഎഫിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതാകില്ല.

പിണറായി വിജയനെപ്പോലെ പാലാ ഉപതിരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമാണു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കെ.എം.മാണിയുടെ മകന്‍ ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലാണു യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന്റെ വീഴ്ചയ്ക്കു പ്രധാന കാരണമായത്. പാര്‍ട്ടി ചെയര്‍മാനായി തന്നെ അംഗീകരിക്കാത്ത ജോസ് കെ.മാണിയുടെ നടപടിയോട് പി.ജെ.ജോസഫ് പ്രതികരിച്ചതു ജോസ് ടോം പുലിക്കുന്നേലിനു രണ്ടില ചിഹ്നം നിഷേധിച്ചുകൊണ്ടാണ്. ഇതേത്തുടര്‍ന്നാണു പൈനാപ്പിള്‍ ചിഹ്നത്തില്‍ ജോസ് ടോമിനു മത്സരിക്കേണ്ടി വന്നത്.

ജോസ് ടോം പുലിക്കുന്നേലിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജോസഫ് ഗ്രൂപ്പിനു കേരള കോണ്‍ഗ്രസില്‍ എത്രകാലം തുടരാനാവുമെന്നതിന്റെ ഉത്തരം നല്‍കുന്നതു കൂടിയാവും പാലാ ഉപതിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിനു വോട്ട് മറിച്ചെന്ന പരസ്പര ആരോപണവുമായി പി.ജെ.ജോസഫ്- ജോസ് കെ.മാണി ഗ്രൂപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ദയനീയ തോല്‍വി ഇരന്നുവാങ്ങിയതാണെന്നും ജോസ് കെ.മാണിയുടെയും ജോസ് ടോം പുലിക്കുന്നേലിന്റെയും പക്വതയില്ലായ്മയുമാണു തോല്‍വിക്കു കാരണമായതെന്നും പി.ജെ.ജോസഫ് പറഞ്ഞുകഴിഞ്ഞു.

കെ.എം.മാണിയും രണ്ടിലയുമില്ലാത്ത പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ 2,943 വോട്ടിനാണു അട്ടിമറി ജയം നേടിയത്. മാണി സി.കാപ്പനു 54137 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിനു 51194 വോട്ടും ലഭിച്ചു. പാലാ മണ്ഡലത്തിന്റെ അരനൂറ്റാണ്ടത്തെ ചരിത്രത്തില്‍ കെ.എം.മാണിയല്ലാത്ത ആദ്യ എംഎല്‍എയാണു മാണി സി.കാപ്പന്‍. മണ്ഡലം നിലവില്‍ വന്ന 1965 മുതല്‍ മരണം വരെ കെ.എം.മാണിയുടെ കൈപ്പിടിയിലായിരുന്നു പാലാ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കെ.എം.മാണിയുടെ ഭൂരിപക്ഷം കുറയുന്ന പ്രവണതയുണ്ടായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ കുതിപ്പ് യുഡിഎഫിനു വന്‍ പ്രതീക്ഷ നല്‍കിയയിടത്താണു മാണി സി.കാപ്പന്റെ അട്ടിമറി വിജയം. കെ.എം.മാണിയോടു മൂന്നു തവണ തോറ്റതിനൊടുവിലാണു അദ്ദേഹമില്ലാത്ത പാലായില്‍ മാണി സി.കാപ്പന്റെ വിജയം.

ജോസ് ടോം പുലിക്കുന്നേലിനു കഴിഞ്ഞ തവണ കെ.എം.മാണിക്കു ലഭിച്ചതിനേക്കാള്‍ 7690 വോട്ടിന്റെ കുറവുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4,703 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.മാണിയുടെ വിജയം. കെ.എം.മാണിക്ക് 58884 വോട്ടും എതിര്‍ സ്ഥാനാര്‍ഥി മാണി സി.കാപ്പന് 54884 വോട്ടുമാണു ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനു പാലായില്‍ ലഭിച്ച ഭൂരിപക്ഷം 33472 ആണ്.

Pala election results live updates: പാലായില്‍ ചരിത്രമെഴുതി ‘രണ്ടാം മാണി’; ഇടതുപക്ഷത്തിന് അട്ടിമറി വിജയം

ഈ ഘടകവും കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള സഹതാപ തരംഗവും ഗുണകരമാവുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫും സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലും. ലോക്സഭാ തിരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനു പാലായില്‍ ലഭിച്ചതു 66971 വോട്ടാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍.വാസവനു നേടാനായതു 33499 വോട്ട് മാത്രമായിരുന്നു.

ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്കും കഴിഞ്ഞതവണത്തേക്കാള്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ 24821 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ വോട്ട് 18044 ആയി കുറഞ്ഞു. ലോക്സഭാ തിരഞ്ഞെുടപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസ് 26533 വോട്ട് നേടിയിരുന്നു.

പാലാ മുന്‍സിപ്പാലിറ്റിയും 12 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പാലാ നിയസമഭാ മണ്ഡലം. ഇവയില്‍ മൂന്നു പഞ്ചായത്തില്‍ മാത്രമാണു ജോസ് ടോമിനു നേരിയ ഭൂരിപക്ഷം നേടാനായത്. പാലാ മുനിസിപ്പാലിറ്റിയിലും രാമപുരം, കടനാട്, മേലുകാവ്, മുന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, എലിക്കുളം പഞ്ചായത്തുകളിലും മാണി സി.കാപ്പന്‍ മുന്നിലെത്തി. മീനച്ചില്‍, മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമാണു യുഡിഎഫ് സ്ഥാനാര്‍ഥിക്കു ഭൂരിപക്ഷം നേടാനായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.