കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി നേതാവും പാലാ എംഎൽഎയുമായ മാണി സി.കാപ്പൻ. ജോസ് വിഭാഗം എൽഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കുമെന്നും എന്നാൽ പാലാ സീറ്റ് വിട്ടുതരില്ല, അത് എൻസിപിക്കുള്ളതാണെന്നും മാണി സി.കാപ്പൻ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം തിരിച്ചു പിടിച്ച പാലാ മണ്ഡലം വിട്ടുനൽകണമെന്ന് ഇടതുമുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു. ജോസ് കെ.മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണ്. മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും മാണി സി.കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More: പുറത്താക്കിയതല്ല സ്വയം പുറത്തുപോയതാണ്, നല്ല കുട്ടിയായി വന്നാൽ തിരിച്ചെടുക്കാം: പി.ജെ.ജോസഫ്

അതേസമയം, കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതല്ലെന്നും സ്വയം പുറത്തു പോയതാണെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു. പുറത്താക്കി എന്നു പറയുന്നത് ശരിയല്ല. വേറെ ചില ധാരണകൾക്കായാണ് ജോസ് വിഭാഗം പുറത്തുപോയത്. നല്ല കുട്ടിയായി തിരിച്ചുവരികയാണെങ്കിൽ യുഡിഎഫിൽ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് വിഭാഗത്തിന്റെ അടിത്തറ ഇളകുകയാണ്. ജോസ് വിഭാഗത്തിൽനിന്ന് ഇന്നും രാജിയുണ്ടാകും. കോട്ടയത്തുനിന്നും പത്തനംതിട്ടയിൽനിന്നും കൂടുതൽ നേതാക്കൾ പുറത്തു വരും. കേരള കോൺഗ്രസി​​ന്റെ ഭരണഘടനയിൽ ചെയർമാന്​ തുല്യമാണ്​ വർക്കിങ്​ ചെയർമാൻ എന്ന്​ മാണി സാർ രേഖപ്പെടുത്തിയിട്ടുണ്ട്. അത്​ അംഗീകരിക്കാൻ തയാറാകാത്തതാണ്​ പ്രശ്​നമെന്നും പി.ജെ.ജോസഫ്​ പറഞ്ഞു.

Read More: കെട്ടുറപ്പ് തകർന്നു, കേരള കോൺഗ്രസ്‌ ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും: കോടിയേരി

എന്‍ഡിഎയിലേക്കാണോ എല്‍ഡിഎഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഇടതുമുന്നണിയുമായി കൂട്ടുകെട്ടുണ്ടാവാം. എൽഡിഎഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.