കോട്ടയം: പാലാ സീറ്റ് സംബന്ധിച്ച തർക്കത്തിൽ നിലപാട് മയപ്പെടുത്തി മാണി സി.കാപ്പന്‍ എംഎല്‍എ. എന്‍സിപി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആവശ്യപ്പെട്ടാല്‍ പാലായില്‍ നിന്ന് മാറാന്‍ തയ്യാറാണെന്ന് മാണി സി .കാപ്പൻ വ്യക്തമാക്കി. ദേശീയ നേതൃത്വം എന്തു തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി മാറേണ്ടെന്നും എല്‍ഡിഎഫില്‍ തന്നെ തുടരുവാനും എന്‍സിപി തീരുമാനമെടുത്തിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

പാലായുടെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചകള്‍ക്കുമില്ലെന്നായിരുന്നു ഇതുവരെയുള്ള മാണി സി,കാപ്പന്റെ നിലപാട്. എന്‍സിപിയില്‍ നിന്നും ഇടഞ്ഞ് കാപ്പന്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇടതുമുന്നണി വിടുന്നതിനോട് എന്‍സിപി ദേശീയ നേതൃത്വം വിമുഖത കാണിച്ചതോടെയാണ് മാണി സി.കാപ്പന്റെ നിലപാടില്‍ അയവു വന്നത്.

Read More: ഇനി കേരളത്തിൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു

“ഞങ്ങള്‍ മത്സരിച്ച നാലു സീറ്റിലും മത്സരിക്കുമെന്ന് അസന്നിഗ്ധമായി ശരദ് പവാറും പ്രഫുല്‍ പട്ടേലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ സിപിഎം നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തും. ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും ചര്‍ച്ച”, മാണി സി.കാപ്പൻ പറഞ്ഞു.

ഇടതുമുന്നണിയില്‍ത്തന്നെ തുടരുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് നേതൃയോഗം വിലയിരുത്തിയതായാണ് വിവരം. നേരത്തെ ഇടഞ്ഞു നിന്ന പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയതായാണ് സൂചന. എല്‍ഡിഎഫിന് തുടര്‍ഭരണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്നണിയില്‍ത്തന്നെ തുടരാമെന്നായിരുന്നു ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്.

തര്‍ക്കത്തെത്തുടര്‍ന്ന് എന്‍സിപി പിളരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് കേരള നേതാക്കള്‍ പവാറിനെ കാണാന്‍ ഡൽഹിയിലെത്തിയത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍, മന്ത്രി എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പന്‍ എന്നിവരാണ് പവാറിനെ കാണാന്‍ പോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.