കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കെ പാല സീറ്റിൽ നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ. എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ മാണിക്ക് മുന്നണിപ്രവേശനം ഒരുക്കില്ലെന്ന് മാണി.സി കാപ്പന്‍ വ്യക്തമാക്കി. എന്‍സിപി വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കി കൊണ്ടുള്ള ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.
ഇപ്പോള്‍ വൈകാരിക ബന്ധം പറഞ്ഞ് വരുന്നതില്‍ പ്രസക്തിയുമില്ല. പാല മാണിക്ക് ഭാര്യയാണെങ്കില്‍ തനിക്ക് ചങ്കാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കെ.എം. മാണിയോട് മൂന്ന് തവണ മത്സരിച്ച് പൊരുതി നേടിയ സീറ്റാണ്. അത് വിട്ട് നല്‍കാന്‍ ഒരു കാരണവശാലും തയ്യാറല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
“പാലാ സീറ്റ് സംബന്ധിച്ചോ ജോസ് കെ മാണി എൽഡിഎഫിലേക്ക് വരുന്നത് സംബന്ധിച്ചോ ചർച്ച നടന്നിട്ടില്ല. സീറ്റ് മറ്റാർക്കും വിട്ടു കൊടുക്കേണ്ട എന്നാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. കെ എം മാണി ജയിച്ച സീറ്റ് അല്ല ഇപ്പോൾ പാലാ. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. രാജ്യസഭ സീറ്റ് ആർക്കു വേണം? ജോസ് വരുന്നത് സംബന്ധിച്ച് ചർച്ച നടക്കാത്തതിനാൽ അഭിപ്രായം പറയേണ്ട കാര്യം ഇല്ല,” ജോസ് കെ മാണി വരുന്നത് കൊണ്ട് പാലായിൽ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ജോസ് കെ. മാണിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. വാര്‍ത്തകളിലൂടെ മാത്രമാണ് വിവരങ്ങള്‍ അറിയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും ആരും തന്നെ എന്‍സിപിയെ സമീപിച്ചിട്ടില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.