ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് കേരളാ തമിഴ് നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തില്‍ ഇന്നു ചൈത്രാ പൗര്‍ണമി ഉത്സവം. കേരളത്തിലെയും തമിഴ് നാട്ടിലെയും ജില്ലാ ഭരണകൂടങ്ങളുടെ പങ്കാളിത്തത്തിലാണ് ഉത്സവം നടത്തുന്നത്.

ചരിത്രപരമായ പ്രധാന്യമുള്ള ക്ഷേത്രം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാരുമായി ബന്ധപ്പെടുമെന്നു പറയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ക്ഷേത്രത്തിന്റെ ഉടമസ്ഥത കേരളത്തിനാണെന്നാണു വിശ്വസിക്കുന്നതെന്നും എന്നാല്‍ ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കു പകരം ഇരുസംസ്ഥാനങ്ങളിലെയും വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും പറയുന്നു. മംഗളാദേവി ക്ഷേത്രത്തെ വരും കാലങ്ങളില്‍ ശബരിമല പോലുള്ള ലോകോത്തര തീര്‍ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണിപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു 13 കിലോമീറ്റര്‍ദൂരം കാട്ടിനുള്ളിലൂടെ സഞ്ചരിച്ചാലാണ് മംഗളാദേവി ക്ഷേത്രത്തിലെത്തുക. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രത്തിലേക്ക്  ജീപ്പുകള്‍ സര്‍വീസ് നടത്തും. കാല്‍നടയായും വിശ്വാസികളെത്താറുണ്ട്.

mangaldevi temple, idukki, thamilnadu, kerala, travancore dewasom board

ശപഥത്തിന്റെയും ത്യാഗത്തിന്റെയും കഥപറയുന്നതാണ് മംഗളാദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം. ക്ഷേത്രവുമായി ബന്ധപ്പെട്ടു പറഞ്ഞു പ്രചരിപ്പിക്കപ്പെടുന്ന കഥയിതാണ്. എക്കാലത്തും കേള്‍വികേട്ട മികച്ച ഭരണം നിലനിന്നിരുന്ന രാജ്യമായിരുന്നു കാവേരി പൂംപട്ടണം. രാജ്യത്തെ അറിയപ്പെടുന്ന രാജാവു കരിംകാല ചോളന്റെ മകനായിരുന്നു കോവലന്‍. സൗന്ദര്യവും കോമളത്വവും ഒത്തിണങ്ങിയ കോവലന്‍ വിവാഹം കഴിച്ചതാകട്ടെ കാവേരി പൂംപട്ടണത്തിലെ പ്രശസ്തനായ വ്യാപാരിയുടെ മകള്‍ കണ്ണകിയെയും. എന്നാല്‍ സന്തോഷം അധികകാലം നീണ്ടുനിന്നില്ലായെന്നു മാത്രം. രാജ കൊട്ടാരത്തിലെ സുന്ദരിയും നര്‍ത്തകിയുമായ മാധവിയെന്ന യുവതിയുടെ നൃത്തത്തില്‍ ആകൃഷ്ടനായ കോവലന്‍ ഒടുവില്‍ അവളെ വിവാഹം കഴിച്ചു. എന്നാല്‍ കുറേക്കാലത്തിനുശേഷം സമ്പത്തെല്ലാം നഷ്ടപ്പെട്ട് ഒന്നുമില്ലാതായിത്തീര്‍ന്ന കോവലന്‍ പശ്ചാത്താപം നിറഞ്ഞ ഹൃദയവുമായി കണ്ണകിയുടെ പക്കല്‍ മടങ്ങിയെത്തി. എന്നാല്‍ തിരിച്ചെത്തിയ ഭര്‍ത്താവിനെ കണ്ണകി വീണ്ടും സ്നേഹത്തോടെ സ്വീകരിച്ചു. സമ്പത്തെല്ലാം നഷ്ടപ്പെട്ടതിനാല്‍ വരുംനാളുകളിലേക്കു ജീവിതമാര്‍ഗത്തിനായി കച്ചവടം തുടങ്ങാന്‍ ഇരുവരും തീരുമാനിച്ചു. ഇതിനു പണം കകണ്ടെത്താനയി കണ്ണകിയുടെ ഒരു ചിലമ്പുവില്‍ക്കാന്‍ തീരുമാനിച്ചു. ചിലമ്പു വില്‍ക്കാന്‍ കോവലന്‍ നഗരത്തിലേക്കു പോയകാലത്താണ് പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പു മോഷണം പോയത്. രാജ്ഞിയുടെ ചിലമ്പു മോഷ്ടിച്ച തട്ടാന്റെ അടുത്താണ് കോവലന്‍ തന്റെ ചിലമ്പു വില്‍ക്കാനെത്തിയത്. ഇതോടെ മോഷ്ടിച്ച ചിലമ്പിന്റെ കുറ്റം കോവലന്റെ തലയില്‍ കെട്ടിവയ്ക്കാമെന്നു കണക്കുകൂട്ടിയ തട്ടാന്‍ ഇതനുസരിച്ച് കോവലന്റെ പക്കല്‍നിന്ന് തന്ത്രത്തില്‍ ചിലമ്പുവാങ്ങിയ തട്ടാന്‍ ഇത് പാണ്ഡ്യരാജാവിന്റെ പക്കലെത്തിച്ചു മോഷ്ടിച്ചതില്‍ കോപാകുലനായ രാജാവ് കോവലനെ വധിക്കാന്‍ ഉത്തരവിട്ടു.

ഭര്‍ത്താവിന്റെ അകാല വിയോഗത്തിന്റെ വിവരമറിഞ്ഞ് ആദ്യം കരഞ്ഞുതളര്‍ന്നിരുന്ന കണ്ണകി പിന്നീടു കോപത്താല്‍ ജ്വലിച്ചു. സത്യസന്ധനും ധര്‍മിഷ്ടനുമായ ഭര്‍ത്താവിനെ വധിച്ചവരോടു പ്രതികാരം ചെയ്യുമെന്ന് കണ്ണകി ഉഗ്രശപഥമെടുത്തു.

mangala devi temple, chaitra paurnami festival,

രാജകൊട്ടാരത്തിലെത്തിയ കണ്ണകി ഭര്‍ത്താവ് നിരപരാധിയാണെന്നു രാജാവിനെ ബോധ്യപ്പെടുത്തി. കണ്ണകിയുടെയും കോവിലന്റെയും സത്യസന്ധത മനസിലാക്കിയ രാജാാവ് തനിക്കുപറ്റിയ കൈപ്പിഴവില്‍ മനംനൊന്തു ഹൃദയംപൊട്ടി മരിച്ചു. എന്നാല്‍ ഇതുകൊണ്ടും കോപം ശമിക്കാത്ത കണ്ണകി ഉച്ചത്തില്‍ ശാപവാക്കുകളുരുവിട്ടുകൊണ്ട് തന്റെ ഇടത്തേമുല പറിച്ചെറിഞ്ഞു. തുടര്‍ന്നു നഗരം മുഴുവന്‍ അലഞ്ഞുനടന്നു. കണ്ണകിയുടെ കോപാഗ്‌നിയില്‍ മധുരാനഗരം മുഴുവന്‍ കത്തിച്ചാമ്പലായി. ജലപാനം പോലുമില്ലാതെ അലഞ്ഞുനടന്ന കണ്ണകി പതിനാറു ദിവസങ്ങള്‍ക്കുശേഷം ചോളരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിലവില്‍ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന്റെ മുകളിലെത്തി. അവിടെ ഒരു വേങ്ങമരച്ചുവട്ടില്‍ തളര്‍ന്നിരുന്ന കണ്ണകിയുടെ ഭര്‍തൃസ്നേഹത്തിലും സത്യസന്ധതയിലും സംപ്രീതരായ ദേവന്‍മാര്‍ അവളെ കോവിലനോടൊപ്പം രഥത്തിലെത്തി സ്വര്‍ഗത്തിലേക്ക് ആനയിച്ചുവെന്നാണ് ഐതീഹ്യം.

 

സ്വർഗയാത്രയ്ക്ക് സാക്ഷികളായ മലങ്കുറവന്‍മാരാകട്ടെ അക്കാലംമുതല്‍ കണ്ണകിയെ തങ്ങളുടെ ദേവിയായി ആരാധിച്ചു തുടങ്ങി.പിന്നീട് ചേരരാജാവായ ചേരന്‍ ചെങ്കുട്ടുവന്‍ ഇവിടെ ക്ഷേത്രം നിര്‍മിക്കുകയായിരുന്നു. 750 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. മുന്‍കാലങ്ങളില്‍ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ലാതിരുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പേരില്‍ തമിഴ്‌നാട് അവകാശവാാദം ഉന്നയിച്ചതോടെയാണ് പ്രവേശനം നിരോധിച്ചത്. ഇപ്പോള്‍ വര്‍ഷംതോറും ചൈത്രമാസത്തിലെ പൗര്‍ണമി നാളില്‍ മാത്രമാണ് ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. പൂര്‍ണമായും കരില്ലില്‍ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ചിലഭാഗങ്ങളില്‍ തമിഴില്‍ ചില അക്ഷരങ്ങളും രൂപങ്ങളും വ്യാളിയുടെയും മറ്റും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സമീപത്തുനിന്നും തമിഴ്നാട്ടിലെ മധുരയിലുള്ള മീനാക്ഷി ക്ഷേത്രത്തിലേയ്ക്ക് ഒരു തുരങ്കം നിര്‍മിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

തമിഴ് നാട്ടില്‍ ഏറെ വിശ്വാസികളുള്ളതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിനും മംഗളാദേവി ക്ഷേത്രേത്തോടു താല്‍പര്യമുണ്ട്. ഉത്സവം കൂടുതല്‍ ദിവസങ്ങളിലേക്കു നീട്ടണമെന്നതു പോലുള്ള ആവശ്യങ്ങള്‍ ഇപ്പോള്‍ തന്നെ തമിഴ്‌നാട്ടിലെ കണ്ണകി ട്രസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കടുവാ സങ്കേതത്തിനുള്ളിലായതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്സവദിവസം കേരളത്തിലെയും തമിഴ് നാട്ടിലെയും പൂജാരിമാര്‍ സംയുക്തമായാണ് ക്ഷേത്രത്തിലെ പൂജകള്‍ നിര്‍വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ